M Swaraj’s facebook post against CPI Ernakulam

കൊച്ചി : പച്ചക്കള്ളം പറയുന്നവരാണ് എറണാകുളം ജില്ലയില്‍ സിപിഐയെ നയിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ എം സ്വരാജ്. സിപിഐ ഓഫീസില്‍ ചെന്ന് സിപിഎമ്മിലെ ഗ്രൂപ്പിസത്തിനെതിരെ സ്വരാജ് പരാതി പറഞ്ഞുവെന്ന സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ പ്രതികരണമാണ് സ്വരാജിനെ ചൊടിപ്പിച്ചത്. ഫേസ്ബുക്കിലൂടെയാണ് സ്വരാജിന്റെ രൂക്ഷ വിമര്‍ശനം.

സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി സ .പി.രാജുവിന്റേതായി പുറത്തു വന്ന പ്രസ്താവന വായിച്ചു. ഇതെന്തൊരു തള്ളാണെന്റെ രാജ്വേട്ടാ…. സിപിഎമ്മില്‍ ഗ്രൂപ്പിസവും, വ്യക്തി പൂജയുമാണെന്ന് ഞാന്‍ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസില്‍ ചെന്ന് പരാതി പറഞ്ഞത്രെ ….!.

കാല്‍ നൂറ്റാണ്ടായി സിപിഐയുടെ ജില്ലാ കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ച ആള്‍ സിപിഐ വിട്ട് സിപിഎം വേദിയില്‍ കടന്നു വന്നതിന്റെ വിഭ്രാന്തി കൊണ്ടാണെങ്കിലും ഇങ്ങനെയൊക്കെ വെച്ചു കാച്ചാമോ?

ജീവിതത്തില്‍ ഇന്നുവരെ, എന്നു വെച്ചാല്‍ ഈ കുറിപ്പെഴുതുന്ന നിമിഷം വരെ സിപിഐ യുടെ ഒരു ഓഫീസിലും കടന്നു ചെന്നിട്ടില്ലാത്ത ഒരാളാണ് ഞാന്‍. സിപിഐ ഓഫിസില്‍ കാലുകുത്തില്ലെന്ന ശപഥമെടുത്തതു കൊണ്ടൊന്നുമല്ല. പോകേണ്ട ആവശ്യം വന്നിട്ടില്ല. അത്ര മാത്രം. പി.രാജു എന്ന മനുഷ്യനെ ഞാന്‍ പരിചയപ്പെടുന്നതു തന്നെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ്.

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ ഘട്ടത്തിലും ഒരു ഘടക കക്ഷിയുടേയും ഓഫിസില്‍ ഞാന്‍ പോയിട്ടില്ല. എല്‍ഡിഎഫിലെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ സാഹചര്യത്തില്‍ ഘടകകക്ഷികളുടെ ഓഫിസിലെത്തി വോട്ടു ചോദിക്കുന്നത് അവരെ അവിശ്വസിക്കുന്നതിന് തുല്യമല്ലേ. അങ്ങനെയാണ് ഞാന്‍ ചിന്തിച്ചത്. അതേതായാലും നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു.

ഏതായാലും സിപിഎമ്മിനെക്കുറിച്ച് എനിക്കുള്ള പരാതികള്‍ക്ക് പരിഹാരം തേടി ഞാന്‍ സിപിഐ ഓഫിസിലെത്തി എന്നൊക്കെ പറയാന്‍ കാണിച്ച ആ തൊലിക്കട്ടിക്ക് നോബല്‍ സമ്മാനം കൊടുത്താലും മതിയാവില്ല. ഇങ്ങനെ പച്ചക്കള്ളം പറയാന്‍ മടിയില്ലാത്ത ആളുകളാണ് ജില്ലയില്‍ സിപിഐയെ നയിക്കുന്നതെങ്കില്‍ … സംശയിക്കാനില്ല ‘ ദേശീയ ജനാധിപത്യ വിപ്ലവം ‘ എറണാകുളം ജില്ലയില്‍ ഉടന്‍ നടക്കാനിടയുണ്ട്.

Top