പലസ്തീന്‍ മനുഷ്യരുടെ ചോരയില്‍ മുങ്ങിമരിക്കുന്നു, സ്വതന്ത്ര പലസ്തീന്‍ യാഥാര്‍ഥ്യമാകണം; എം സ്വരാജ്

തിരുവനന്തപുരം: പലസ്തീന്‍ എന്ന രാജ്യം മനുഷ്യരുടെ ചോരയില്‍ മുങ്ങിമരിക്കുകയാണെന്ന് എം സ്വരാജ്. സ്വതന്ത്ര പലസ്തീന്‍ യാഥാര്‍ഥ്യമാകണമെന്നും അല്ലെങ്കില്‍ എന്നെന്നേക്കുമായി ഭൂപടത്തില്‍നിന്ന് പലസ്തീന്‍ ഇല്ലാതാകുമെന്നും സ്വരാജ് പറഞ്ഞു. ഇസ്രായേലിനെ പിന്തുണച്ചുകൊണ്ടുള്ള മോദിയുടെ പ്രസ്താവന ചരിത്രത്തിലെ ഏറ്റവും വലിയ കളങ്കമായി മാറും.

സ്വതന്ത്ര പലസ്തീന്‍ യാഥാര്‍ഥ്യമാകണമെന്നും എല്ലാതരം ഹിംസകള്‍ക്കും എതിരായ നിലപാടായി അത് മാറുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസിന്റെ കമാന്‍ഡര്‍ പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ വക്രീകരിച്ചു നല്‍കുന്നത് മാധ്യമ ധര്‍മമല്ല എന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.ഇസ്രായേല്‍ പിന്നീട് രൂപപ്പെട്ട രാജ്യമാണ്.

ഔപചാരികമായ കയ്യേറ്റം നടത്തികൊണ്ടാണ് ഇസ്രായേല്‍ രൂപം കൊണ്ടത്. ഗാന്ധി അന്ന് പറഞ്ഞത് പ്രകാരം പലസ്തീന്‍ അറബികള്‍ക്ക് അവകാശപ്പെട്ടതാണ്. അത് ഇന്ത്യയുടെ നയം കൂടി ആയിരുന്നു. ഇന്ത്യ ഒരിക്കലും ഇസ്രായേലിനെ പിന്തുണച്ചിട്ടില്ലായിരുന്നുവെന്നും എം സ്വരാജ് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് പലസ്തീന് അനുകൂലമായുള്ള സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ശ്രദ്ധ നേടിയിരുന്നു. എഴുത്തുകാരന്‍ ജയമോഹന്റെ നൂറ് സിംഹാസനങ്ങള്‍ എന്ന പുസ്തകത്തിലെ വരികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു എം സ്വരാജ് പലസ്തീന്‍ ജനതയ്ക്ക് ഐകദാര്‍ഢ്യവുമായി എത്തിയത്.

Top