മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാള്‍ ഇന്ത്യ മാറുക തന്നെ ചെയ്യും: എം.സ്വരാജ്

കൊച്ചി: ജെഎന്‍യു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇന്നലെ രാത്രി മുഖംമൂടി ധാരികള്‍ നടത്തിയ അതിക്രൂരമായ ആക്രമണത്തില്‍ പ്രതികരണവുമായി എം.സ്വരാജ് എംഎല്‍എ. മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാള്‍ ഇന്ത്യ മാറുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ജെഎന്‍യുവില്‍ ഇറ്റുവീണത് ഇന്ത്യയുടെ രക്തമാണ്. കണക്കുതീര്‍ക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ലെന്ന് ഓര്‍ക്കണമെന്നും എം.സ്വരാജ് ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ


ഇത്
ഇന്ത്യയുടെ രക്തമാണ്..

മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാള്‍ ഇന്ത്യ മാറുക തന്നെ ചെയ്യും.

ഓര്‍ക്കുക,
കണക്കുതീര്‍ക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ലെന്ന് ..

https://www.facebook.com/ComradeMSwaraj/posts/2113407308762111

ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ആയുധങ്ങളുമായി മുഖംമൂടി ധരിച്ച യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘം വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷ് ഉള്‍പ്പെടെ 34ലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

എബിവിപി സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാര്‍ഥി യൂണിയന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

അതേസമയം ജെ.എന്‍.യുവിലെ അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണെന്ന് ബലപ്പെടുത്തുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത് വന്നു. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പ് സന്ദേശങ്ങളാണ് പുറത്തായത്. ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന പേരിലും യൂണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന പേരിലുമുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകളാണ് പ്രചരിക്കുന്നത്.

ജെ.എന്‍.യുവിലെ ‘ദേശ വിരുദ്ധരെ’ ഇല്ലാതാക്കണമെന്നടക്കമുള്ള കാര്യങ്ങള്‍ ഈ സന്ദേശങ്ങളിലുണ്ട്. അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് സന്ദേശങ്ങളില്‍.അക്രമം ആസൂത്രിതമാണെന്നും ക്യാമ്പസിന് പുറത്ത് നിന്നുള്ളവര്‍ ആക്രമണത്തില്‍ പങ്കാളികളായിട്ടുണ്ടെന്നും നേരത്തെ തന്നെ വിദ്യാര്‍ഥി യൂണിയന്‍ ആരോപിച്ചിരുന്നു.

Top