ചൂഴ്‌ന്നെടുക്കാനെത്തുന്നവര്‍ കാണാത്ത കാഴ്ചകള്‍ കാണുന്ന കണ്ണുകളാണ് കമ്മ്യൂണിസ്റ്റുകാരുടേത് ;എം സ്വരാജ്

കൊച്ചി : ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി എം സ്വരാജ് എംഎല്‍എ രംഗത്ത്.

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാവാം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉന്നത നേതാവ് സി പി ഐ (എം) പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന തരത്തിലുള്ള പരസ്യ ഭീഷണി മുഴക്കുന്നതെന്ന് സ്വരാജ് പറഞ്ഞു.

എന്തുകൊണ്ടാണ് കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ? കണ്ണുകള്‍ തുറന്ന് ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ കാണുന്ന മനുഷ്യരൊക്കെയും സംഘപരിവാരത്തിനെതിരായി മാറുമെന്ന ഭയമാണോ ഭീഷണിക്കു പിന്നിലുള്ളതെന്നും സ്വരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

കണ്ണുകൾ…
എം. സ്വരാജ് .
… ” I use my eyes to See
As anyone else would
I See the Colors all around me and the faces of
those l love
I love my eyes for they Let me see things some
can ‘t “…
– Luna craft .
സി.പി.ഐ (എം) പ്രവർത്തകരുടെ വീടുകളിൽ കയറി അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്ന് ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി പറഞ്ഞതായാണ് മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാവാം ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉന്നത നേതാവ് ഇത്തരമൊരു പരസ്യ ഭീഷണി മുഴക്കുന്നത് .
എന്തുകൊണ്ടാണ് കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ? കണ്ണുകൾ തുറന്ന് ചുറ്റുമുള്ള യാഥാർത്ഥ്യങ്ങൾ കാണുന്ന മനുഷ്യരൊക്കെയും സംഘപരിവാരത്തിനെതിരായി മാറുമെന്ന ഭയമാണോ ഭീഷണിക്കു പിന്നിലുള്ളത് ?.
20 വർഷത്തേക്ക് ഗ്രാംഷിയുടെ തലച്ചോറ് പ്രവർത്തനരഹിതമാക്കണമെന്നാണ് ഇറ്റാലിയൻ കോടതിയിൽ ഫാസിസ്റ്റ് സർക്കാർ വാദിച്ചത്. എല്ലാക്കാലത്തും മനുഷ്യരുടെ കണ്ണും കാതും നാവും തലച്ചോറുമൊക്കെ ഫാസിസ്റ്റുകളെ അരിശം കൊള്ളിച്ചിട്ടുണ്ട്..
ഈയം ഉരുക്കി ഒഴിക്കപ്പെട്ട കാതുകളുടെയും ചൂഴ്ന്നെടുത്ത കണ്ണുകളുടെയും അരിഞ്ഞു മാറ്റിയ നാവുകളുടെയും ചോര പുരണ്ട ചരിത്രം ചിലരെയൊക്കെ ഇപ്പോഴും വല്ലാതെ ഹരം കൊള്ളിക്കുന്നുണ്ടാവണം.
കേരളത്തിലെ മഹാഭൂരിപക്ഷം സി പി ഐം (എം) പ്രവർത്തകരും കണ്ണുകൾ ദാനം ചെയ്യുന്നവരാണെന്ന് ചൂഴ്ന്നെടുക്കാനായി വണ്ടി കയറാനൊരുങ്ങുന്നവർ അറിഞ്ഞിട്ടുണ്ടാവില്ല . കഴിഞ്ഞ ദിവസം മരണമടഞ്ഞ അധ്യാപക പ്രസ്ഥാനത്തിന്റെ മുൻ നേതാവ് സ.റഷീദ് കണിച്ചേരിയുടെ കണ്ണുകൾ ദാനം ചെയ്ത വാർത്ത മാധ്യമങ്ങളിലെല്ലാം വന്നുവെങ്കിലും ചോര കുടിക്കാനും ചൂഴ്ന്നെടുക്കാനുമുള്ള ആവേശത്തിനിടയിൽ ഇതൊന്നും ഇക്കൂട്ടർ ശ്രദ്ധിച്ചിട്ടുണ്ടാവില്ല .
സി പി ഐ (എം) പ്രവർത്തകർ കണ്ണുകൾ ദാനം ചെയ്യുന്നത് മറ്റൊരാളുടെ ജീവിതത്തിൽ പ്രകാശം പകരാനാണ്. ആർ എസ് എസ് കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്ന് ആക്രോശിക്കുന്നത് ചോര കുടിയ്ക്കാനാണ്. എല്ലാവരുടെയും ജീവിതം പ്രകാശപൂരിതമാക്കാൻ സി.പി.ഐ (എം) ആഗ്രഹിക്കുന്നു. ഉള്ള വെളിച്ചം തല്ലിക്കെടുത്താൻ ആർഎസ്എസ് പരിശ്രമിക്കുന്നു.
ഇതാണ് രണ്ട് കുട്ടരും തമ്മിലുള്ള വ്യത്യാസം.
കണ്ണുണ്ടായിട്ടും ഒന്നും കാണാനാവാതെ പോയവർക്കു മാത്രമേ കണ്ണുകൾ ചൂഴ്ന്നെടുക്കണമെന്ന് പറയാൻ കഴിയൂ . കണ്ണുണ്ടായിട്ടും കാണാനാവാതെ പോകുന്നത് മനുഷ്യന്റെ കാഴ്ചയെ തടസപ്പെടുത്തുകയും കാഴ്ചപ്പാടുകളെ ഇരുട്ടിലാഴ്ത്തുകയും ചെയ്യുന്ന സംഘപരിവാരത്തിന്റെ കുഴിയിൽ വീണുപോയതുകൊണ്ടുതന്നെയാവണം.
ചൂഴ്ന്നെടുക്കാൻ പാഞ്ഞടുക്കുന്നവരുടെ കണ്ണുകൾക്ക് കാണാനാവാത്ത പല കാഴ്ചകളും കാണുന്ന കണ്ണുകളാണ് കമ്യൂണിസ്റ്റുകാരുടേത്‌.
കാവിക്കൊടിയുടെ ഇരുട്ടിൽ നിന്ന് ഒന്ന് മാറി നിന്ന് കണ്ണുകൾ തുറന്ന് നോക്കൂ .. ഈ ലോകം കൺനിറയെ കാണൂ .. അപ്പോൾ ആരുടെയും കണ്ണുകൾ ചൂഴ്ന്നെടുക്കുന്നമെന്ന് തോന്നില്ല.
ഇനി കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ടാലും കമ്യൂണിസ്റ്റുകാർ കൊടി മടക്കി വെച്ച് വീട്ടിലിരിക്കുമെന്ന് കരുതരുത്. കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെടുമ്പോഴും ഉള്ളിലെരിയുന്ന കനലിന്റെ വെളിച്ചത്തിൽ മുന്നേറിയ മനുഷ്യരുടെ സംഗ്രാമധീരതയാണ് ലോകത്തെയും കാലത്തെയും മാറ്റിമറിച്ചത് എന്നോർക്കണം .
കാഴ്ചയെ തോൽപിക്കുന്ന ഉൾക്കാഴ്ച്ചകളുടെ മഹാസാഗരം കാണാൻ ജീവിതത്തിലെന്നെങ്കിലും സ്വയം സേവകർക്ക് സാധിക്കുമോ ?
മനുഷ്യന്റ കണ്ണുകൾ ചൂഴ്ന്നെടുക്കുകയല്ല മറിച്ച് കണ്ണുകളിൽ നോക്കി സംസാരിക്കുകയാണ് വേണ്ടതെന്ന് …. കണ്ണുകൾ പരസ്പരം സംസാരിക്കുകയാണ് വേണ്ടതെന്ന് ….
കാണാക്കാഴ്ചകളിലേക്ക് കണ്ണുകൾ തുറന്നു വെക്കുകയാണ് വേണ്ടതെന്ന് എന്നെങ്കിലും ഇക്കൂട്ടർ മനസിലാക്കുമോ ?
മനുഷ്യ വിരുദ്ധതയുടെ പ്രത്യയശാസ്ത്രം തലയിലേറ്റിയപ്പോൾ മുതൽ അരിഞ്ഞു തള്ളുന്നതിനെക്കുറിച്ചും ചൂഴ്ന്നെടുക്കുന്നതിനെ കുറിച്ചും മാത്രം ചിന്തിക്കുന്നവരെ…
ചൂഴ്ന്നെടുക്കുന്നതിന് മുമ്പ് കണ്ണുകളിലേക്ക് ഒന്ന് നോക്കുക.. അത്യന്തം വികൃതമായ സ്വന്തം മുഖം പ്രതിബിംബമായി കാണുക.
മനുഷ്യന്റെ കണ്ണുകളിൽ കടലുപോലെ തിരയിരമ്പുന്ന കാരുണ്യവും സ്നേഹവുമൊക്കെ പരസ്പരം സംസാരിച്ചു തുടങ്ങുമ്പോൾ ലോകം മാറുമെന്ന് അറിയുക. വർഗീയഭീകരതയുടെ മതിൽ തകർത്ത് മനുഷ്യരാവാൻ ശ്രമിക്കുക .

Top