m swaraj against adv jayasankar

swaraj

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ അഡ്വ. ജയശങ്കറിന് മറുപടിയുമായി ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ രംഗത്ത്. ലോ അക്കാദമി വിഷയത്തിലെ ഡിവൈഎഫ് ഐ നിലപാടും ഇടപെടലുകളും പത്രവാര്‍ത്തകള്‍ സഹിതം വ്യക്തമാക്കിയാണ് സ്വരാജിന്റെ കുറിപ്പ്.

സ്വരാജ് ലോ അക്കാദമിയില്‍ പിന്‍വാതിലിലൂടെ പ്രവേശനം നേടിയയാളാണെന്നും അതിനാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കില്ലെന്നും അഡ്വ. ജയശങ്കര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ആരോപിച്ചിരുന്നു.

തന്റെ പ്രതികരണം വരാത്തതില്‍ മനോവേദന അനുഭവിക്കുന്ന ഒരു പരമ മാന്യന്‍ പതിവ് കലാ പരിപാടിയുമായി ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞ്‌ കൊണ്ടാണ് സ്വരാജ് ജയശങ്കറിനെ കുറിച്ച് പറഞ്ഞ് തുടങ്ങുന്നത്. തൃപ്പൂണിത്തുറയില്‍ താന്‍ മത്സരിക്കാന്‍ വന്ന സമയത്ത് എന്നെ ബാഷ്പീകരിക്കുമെന്ന് പറഞ്ഞ് ഉറഞ്ഞു തുള്ളിയ ഈ മനുഷ്യ ദുരന്തം കുറച്ചു നാളായി മാളത്തിലായിരുന്നുവെന്നും സ്വരാജ് പറയുന്നു.

മുമ്പ് എം.ബി.രാജേഷ്, പി കെ.ബിജു , ഇന്നസെന്റ് തുടങ്ങിയവരൊക്കെ തിരഞ്ഞെടുപ്പില്‍ തോറ്റു തുന്നം പാടുമെന്ന് പ്രവചിച്ച മഹാമനീഷിയാണ് ഇദ്ദേഹം. തൃപ്പൂണിത്തുറയില്‍ വന്ന് കെ.കരുണാകരന് സ്തുതി പാടാനും തൃശൂരില്‍ ചെന്ന് നരേന്ദ്ര മോഡിക്ക് ജയ് വിളിക്കാനും ഒരു സങ്കോചവുമില്ലാത്ത ഈ അസാമാന്യ ചര്‍മക്കരുത്ത് പഠനവിഷയമാക്കേണ്ടതാണെന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ലോ അക്കാദമിയില്‍ സമരം ചെയ്യുന്നത് എസ്എഫ്‌ഐ ആണ്. ആ സമരം വിജയത്തിലെത്തിക്കാന്‍ അവര്‍ക്ക് കരുത്തുണ്ട്. സമരത്തിനു ഡിവൈഎഫ്‌ഐ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ എന്തെങ്കിലും ഇടപെടല്‍ ആവശ്യമായി വന്നാല്‍ എസ്എഫ്‌ഐ നേതൃത്വവുമായി ആലോചിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളും. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരാശങ്കയും വേണ്ട.

ചികിത്സിക്കേണ്ടവരെ ചികിത്സിക്കാന്‍ ഉത്തരവാദിത്വമുള്ളവര്‍ തയ്യാറായില്ലെങ്കില്‍ ഇനിയും പലതും നമ്മള്‍ കാണേണ്ടി വരുമെന്ന് സിപി ഐ നേതൃത്വത്തെ സ്വരാജ് ഓര്‍മ്മിപ്പിക്കുന്നു. തനിക്കെതിരെ ഫേസ്ബുക്കിലൂടെ ഈ മഹാനുഭാവന്‍ തിളച്ചുമറിഞ്ഞ ഇന്നലെ കറുത്ത വാവായിരുന്നു എന്നോര്‍ക്കണമെന്നും ജയശങ്കറിനെ പരിഹസിച്ച് കൊണ്ട് സ്വരാജ് എഴുതുന്നു.

സിപിഐഎം എന്ന് കേള്‍ക്കുമ്പോഴും ചെങ്കൊടി കാണുമ്പോഴും കള്ളുകുടിച്ച കുരങ്ങനെ തേളു കടിച്ചത് പോലെ വിജ്യംഭിക്കുന്ന ഈ മഹാത്മാവ് എല്‍ഡിഫ് അധികാരത്തില്‍ വരുമ്പോഴെല്ലാം സ്റ്റാന്റിംഗ് കൗണ്‍സിലായും അല്ലാതെയും മാമു ഉണ്ണാനുള്ള വക സംഘടിപ്പിക്കാനുള്ള അസാമാന്യ മെയ് വഴക്കം പ്രകടിപ്പിക്കാറുണ്ടെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ഇപ്പോള്‍ ഹൗസിംഗ് ബോര്‍ഡിന്റെയും മില്‍മയുടെയും പരിസരങ്ങളില്‍ ഈ മോഹക്കുരുവി വട്ടമിട്ട് പറക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാന്‍ ഇനിയും വൈകിയാല്‍ പ്രശ്‌നം രൂക്ഷമാകുമെന്നും സ്വരാജ് പറയുന്നു.

എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം-

തിരുവനന്തപുരം ലോ അക്കാദമിയിൽ നടന്നുവരുന്ന വിദ്യാർത്ഥി സമരത്തെക്കുറിച്ച് അഭിപ്രായം പറയണമെന്നും, ഇത് സംബന്ധിച്ച് FB യിൽ ഒരു കുറിപ്പ് എഴുതുന്നത് നന്നായിരിക്കുമെന്നും ചില മാന്യ സുഹൃത്തുക്കൾ കഴിഞ്ഞ ദിവസങ്ങളിൽ എന്നോട് പറയുകയുണ്ടായി. ഈയവസരത്തിൽ ചില കാര്യങ്ങൾ വ്യക്തമാക്കിക്കൊള്ളട്ടെ.

1. സമൂഹത്തിൽ ഉയർന്നു വരുന്ന എല്ലാ പ്രശ്നങ്ങളെപ്പറ്റിയും ഫേസ് ബുക്കിൽ പ്രതികരിക്കുന്ന ശൈലി മുമ്പും ഞാൻ സ്വീകരിച്ചിട്ടില്ല. വല്ലപ്പോഴും മാത്രം ഫേസ് ബുക്കിൽ കുറിപ്പുകൾ എഴുതുന്ന ഒരാളാണ് ഞാനെന്ന് ഈ പേജ് ശ്രദ്ധിച്ചാൽ ഏവർക്കും മനസിലാവും. ദിവസവും മൂന്ന് നേരം ഫേസ് ബുക്കിലൂടെ പ്രതികരിക്കുന്നവരുണ്ട്. അത്തരക്കാരോട് എനിക്ക് എതിർപ്പില്ല, പക്ഷെ ആ ശൈലി ഞാൻ സ്വീകരിച്ചിട്ടില്ല എന്നു മാത്രം. സമീപ സമയത്തുണ്ടായ ദേശീയ ഗാനവിവാദം മുതൽ പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ബോംബാക്രമണം വരെയുള്ള വിഷയങ്ങളിൽ ഞാൻ ഫേസ് ബുക്കിൽ പ്രതികരിച്ചിട്ടില്ല എന്ന് മാന്യ മിത്രങ്ങൾ ഓർക്കുമല്ലോ. ഇക്കാര്യങ്ങളിൽ അഭിപ്രായമില്ലാത്തതു കൊണ്ടല്ല കറിപ്പെഴുതാതിരുന്നത്.

തിരക്കുകൾ മൂലമുള്ള സമയക്കുറവാണ് പ്രധാന കാരണം. ഡിവൈ എഫ് ഐ യുടെ സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനിടയിലാണ് എം.എൽ.എ ആയത്. ഇപ്പോൾ കൊച്ചിൻ യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗമായും, ജി സി ഡി എ എക്സിക്യൂട്ടീവ് അംഗമായും കൂടി പ്രവർത്തിക്കേണ്ട സാഹചര്യമാണുള്ളത്. സമീപ സമയത്ത് രണ്ട് പ്രധാന ട്രേഡ് യൂണിയൻ ഭാരവാഹിത്വം കൂടി ഏറ്റെടുക്കേണ്ടി വന്നു. വർദ്ധിച്ച ജോലിഭാരം ഊഹിക്കാവുന്നതാണല്ലോ. എല്ലാത്തിനും പുറമെയാണ് ഡി വൈ എഫ് ഐ അഖിലേന്ത്യാ സമ്മേളന വേദിയായി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പ്രവർത്തന ബാഹുല്യം. ഈ പേജിലെ കുറിപ്പുകൾ ഞാൻ തന്നെ എഴുതുന്നതാവണമെന്ന നിർബന്ധം കൂടിയുള്ളതിനാൽ ഇപ്പോഴുള്ള ഇടപെടൽ രീതിതന്നെയായിരിക്കും തുടർന്നുമുണ്ടാവുക.

അതോടൊപ്പം പ്രതികരണത്തിന്റെ ഏകവേദിയായി ഫേസ് ബുക്കിനെ ഒരു കാലത്തും ഞാൻ പരിഗണിച്ചിട്ടില്ലെന്നു കൂടി വ്യക്തമാക്കട്ടെ. വല്ലപ്പോഴും ഈ ഇടവും ഉപയോഗിക്കുന്നു എന്നു മാത്രം. അതേ സമയം ഡിവൈഎഫ്ഐ പ്രതികരിക്കേണ്ട എല്ലാ വിഷയങ്ങളിലും അതത് സമയത്ത് തന്നെ പ്രതികരിക്കാറുണ്ട്.ഇടപെടാറുമുണ്ട്. പത്ര-ദൃശ്യ മാധ്യമങ്ങളിലെല്ലാം സംഘടനാ പ്രതികരണം എത്തിച്ചു കൊടുക്കാറുമുണ്ട്. ലോ അക്കാദമി വിഷയത്തിലും ഡി വൈ എഫ് ഐ നിലപാട് വ്യക്തമാക്കിയിരുന്നു. മിക്ക പത്രങ്ങളും അത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അത് ശ്രദ്ധിക്കാതിരുന്നവർക്കു വേണ്ടി പത്രവാർത്തകൾ ഇതൊന്നിച്ച് വെയ്ക്കുന്നു. സംഘടന നിലപാട് പറഞ്ഞു കഴിഞ്ഞാൽ സെക്രട്ടറി അത് ഒന്നുകൂടി വ്യക്തിപരമായി പറയണമെന്ന വാദം നിരർത്ഥകമാണ്.

2. ലോ അക്കാദമിയിലേത് കാമ്പസിനകത്ത് നടക്കുന്ന ഒരു വിദ്യാർത്ഥി സമരമാണ്. ഈ വിഷയത്തിൽ ഡി വൈ എഫ് ഐ യുടെ ഔദ്യോഗിക പ്രതികരണം വന്ന ശേഷവും ഞാൻ പ്രതികരിക്കണമെന്ന ആവശ്യം എന്നെ അദ്ഭുതപ്പെടുത്തുന്നു. വിദ്യാർത്ഥി സംഘടനാ രംഗത്തു നിന്നും ചുമതലകൾ ഒഴിഞ്ഞ് പത്തു വർഷമായിട്ടും ഒരു കോളേജിലെ സമരത്തിൽ പോലും എന്റെ അഭിപ്രായത്തിന് ചിലർ കാത്തിരിക്കുന്നുവെന്നത് ഒരർത്ഥത്തിൽ സന്തോഷകരം കൂടിയാണ്. ജിഷ്ണു രക്തസാക്ഷിയായ നെഹ്രു കോളേജ് സമരത്തെക്കുറിച്ചും, പ്രിൻസിപ്പാളിന്റെ മാന്യമല്ലാത്ത നിലപാടുകൾക്കെതിരെ മഹാരാജാസിൽ നടന്ന സമരത്തെ കുറിച്ചും , ടോംസ് കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നടന്ന സമരത്തെക്കുറിച്ചും വ്യക്തിപരമായ പ്രതികരണമോ ഫേസ് ബുക്ക് കുറിപ്പുകളോ എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നോർക്കുമല്ലോ. ഈ സമരങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് എസ് എഫ് ഐ യാണ്. ഞങ്ങളുടെ പൂർണപിന്തുണയുമുണ്ട്. സംഘടനയുടെ പ്രതികരണം അതത് സമയത്ത് തന്നെ പറഞ്ഞിട്ടുള്ളതുമാണ്. ഇതേ നിലപാടാണ് ലോ അക്കാദമിയിലെ സമരത്തിലുമുള്ളത്.

3. ലോ അക്കാദമിയിൽ വിദ്യാർത്ഥികൾ ശക്തമായ സമരത്തിലാണ്. ഏത് സാഹചര്യത്തിലും സമരം മുന്നോട്ട് കൊണ്ടുപോകാനും വിജയിപ്പിക്കാനുമുള്ള കരുത്ത് എസ് എഫ് ഐ ക്കുണ്ട്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതുപോലെ ഈ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടടപെട്ടു കഴിഞ്ഞു. കേരള യൂണിവേഴ്സിറ്റിയുടെ അന്വേഷണവും പൂർത്തിയായി. കേരളത്തിലെ സർക്കാരിലും, എസ് എഫ് ഐ യുടെ സമരക്കരുത്തിലും എനിക്ക് പൂർണ വിശ്വാസമുള്ളതുകൊണ്ടുതന്നെ ഒരാശങ്കയും ഇല്ല.

4. വിദ്യാർത്ഥി സമരങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടത് എസ് എഫ് ഐ യാണ്. ഡിവൈഎഫ്ഐ അല്ല. എസ് എഫ് ഐ അത് ഭംഗിയായി നിർവഹിക്കുന്നുമുണ്ട്. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗങ്ങളും സമരപ്പന്തലിൽ നേരിട്ടെത്തി അഭിവാദ്യമർപ്പിച്ചതാണ്. ഡി വൈ എഫ് ഐ യുടെ അഭിവാദ്യപ്രകടനങ്ങളും സമരത്തിനാവേശമായി അവിടെ സ്ഥിരമായി നടക്കുന്നുണ്ട്. ഭാവിയിൽ കൂടുതൽ എന്തെങ്കിലും ഇടപെടൽ ആവശ്യമായി വന്നാൽ എസ് എഫ് ഐ നേതൃത്വവുമായി അലോചിച്ച് വേണ്ട നടപടികൾ കൈക്കൊള്ളും .ഇക്കാര്യത്തിൽ ആർക്കും ഒരാശങ്കയും വേണ്ട .

5. ഞാനുൾപ്പെടെയുള്ളവർ ലോ അക്കാദമിയിലെ പൂർവ വിദ്യാർത്ഥികളാണെന്നത് സത്യമാണ് . കേരളത്തിലെ മിക്ക വിദ്യാർത്ഥി സംഘടനാ നേതാക്കൻമാരും ലോ അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ഇത് സംബന്ധിച്ചൊക്കെ നിറം പിടിപ്പിച്ച കഥകളാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്. അറ്റൻഡൻസ് ഇല്ലാതെ പഠിക്കാനാണ് നേതാക്കൻമാർ വരുന്നതെന്ന പ്രചരണത്തിലൊന്നും വലിയ കഴമ്പില്ല . മൈസൂരിലും ബാംഗ്ലൂരിലും മംഗലാപുരത്തമൊക്കെയുള്ള പല ലോ കോളേജുകളിലും പരീക്ഷ എഴുതാൻ മാത്രം കോളേജിൽ പോയാൽ മതി. അറ്റന്റൻസ് ആണ് പ്രശ്നമെങ്കിൽ എല്ലാവരും അവിടെ പോകുമായിരുന്നല്ലോ. അത്തരം കോളേജുകളിൽ പഠിച്ച് വക്കീലായ എത്രയോ പേർ അറിയപ്പെടുന്ന അഭിഭാഷകരും ന്യായാധിപൻമാരുമായി നമുക്കിടയിലുണ്ട്. വസ്തുത ഇതായിരിക്കേ കോളേജിൽ വരാതെ പരീക്ഷയെഴുതാനാണ് അക്കാദമിയിലേക്ക് നേതാക്കന്മാർ വരുന്നതെന്ന് പറയുന്നതിൽ എന്തർത്ഥം. ? കോഴിക്കോട് ഗവ.ലോ കോളേജിൽ അഡ്മിഷൻ കിട്ടിയത് വേണ്ടെന്നു വെച്ച് തിരുവനന്തപുരത്തേക്ക് ഞാനുൾപ്പെടെയുള്ള പലരും വണ്ടി കയറിയത് അക്കാദമിയിൽ ചേരാനുള്ള താൽപര്യം കൊണ്ടു തന്നെയായിരുന്നു.

റാഗിംഗില്ലാത്ത, കാപ്പിറ്റേഷൻ ഫീസില്ലാത്ത മാതൃകാ കാമ്പസായിരുന്നു അന്നത്തെ ലോ അക്കാദമി.
പന്ത്രണ്ട് വിദ്യാർത്ഥി സംഘടനകൾ സജീവമായി പ്രവർത്തിക്കുന്ന ,സമ്പൂർണ സംഘടനാ സ്വാതന്ത്ര്യമുള്ള കാമ്പസ് എന്നതായിരുന്നു ഞങ്ങളെ ആകർഷിച്ചത്. അന്നത്തെ പ്രിൻസിപ്പാളിനെ കുറിച്ച് ആർക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ല . കേരളത്തിലെ എല്ലാ സ്വകാര്യ കോളേജിലും മാനേജ്മെന്റ് സീറ്റിൽ പ്രവേശനം നൽകുന്നത് പോലെയാണ് അക്കാദമിയിലെ മാനേജ്മെന്റ് സീറ്റിലും പ്രവേശനം നൽകിയിരുന്നത്. പല മഹത് വ്യക്തികളും അവിടെയാണ് പഠിച്ചിരുന്നത്.

ഒരു കാലത്ത് ആ കലാലയത്തിൽ പഠിച്ചിരുന്നുവെന്നതു കൊണ്ട് ഇന്ന് അവിടെ നടക്കുന്ന സമരത്തെ പിന്തുണയ്ക്കാൻ ഞങ്ങൾക്കാർക്കും ആരുടേയും ചീട്ടു വേണ്ട. ലോവർ പ്രൈമറി ക്ലാസിലൊഴികെ ബാക്കി ഞാൻ പഠിച്ച എല്ലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളായിരുന്നു. അവിടങ്ങളിൽ പഠിക്കുമ്പോൾ തന്നെ സമരം ചെയ്യാനും ഞങ്ങൾക്കാർക്കും ഒരു മടിയും തോന്നിയിട്ടില്ല.

6 .അക്കാദമിയിലെ വിദ്യാർത്ഥി സമരത്തിന് കാരണം പ്രിൻസിപ്പലിന്റെ മനോഭാവവും പെരുമാറ്റവും ഇന്റേണൽ മാർക്കിലെ സുതാര്യതയില്ലായ്മയും മറ്റുമാണ്. ഇതെല്ലാം പരിഹരിച്ചേ പറ്റൂ. വിദ്യാർത്ഥി സമരം വിജയിക്കും. വിജയിച്ചിരിക്കും. സമരം ചെയ്തതിന്റെ പേരിൽ ഒരു രോമത്തിനു പോലും പോറലേറ്റ അനുഭവമില്ലാത്തവർ ലോ അക്കാദമിയുടെ മറവിൽ കേരളത്തിലെ സ്വാശ്രയ കൊള്ളയെയും ഇടിമുറികളെയും ഒതുക്കത്തിൽ രക്ഷിച്ചെടുക്കാൻ നടത്തുന്ന നീക്കങ്ങൾ വിലപ്പോവുകയുമില്ല.

പ്രിൻസിപ്പാൾ കൈരളി ചാനലിൽ ഒരു പരിപാടി അവതരിപ്പിക്കുന്ന ആളാണെന്നും അവരുടെ അച്ഛന്റെ സഹോദരൻ സി പി ഐ (എം) കാരനാണെന്നും അതുകൊണ്ട് മുഖ്യമന്ത്രി രാജിവെക്കണമെന്നുമുള്ള മട്ടിൽ പ്രചരണം നടത്തുന്നവരോട് സഹതാപം മാത്രം. പ്രിൻസിപ്പലിനെ നിശിതമായി വിമർശിക്കുന്നതിന് പകരം അവരുടുക്കുന്ന സാരിയും അവരുണ്ടാക്കുന്ന കറിയുമൊക്കെ ചർച്ച ചെയ്യുന്ന മനോവൈകൃതക്കാരുടെ കഴുതക്കാമങ്ങളുടെ ചുവട്ടിൽ കയ്യൊപ്പിടാൻ ഞങ്ങൾക്ക് താൽപര്യവുമില്ല.

പിൻകുറിപ്പ്
——————-
എന്റെ പ്രതികരണം വരാത്തതിൽ മനോവേദന അനുഭവിക്കുന്ന ഒരു പരമ മാന്യൻ പതിവ് കലാ പരിപാടിയുമായി ഇറങ്ങിയിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ ഞാൻ മത്സരിക്കാൻ വന്ന സമയത്ത് എന്നെ ബാഷ്പീകരിക്കുമെന്ന് പറഞ്ഞ് ഉറഞ്ഞു തുള്ളിയ ഈ മനുഷ്യ ദുരന്തം കുറച്ചു നാളായി മാളത്തിലായിരുന്നു. മുമ്പ് എം.ബി.രാജേഷ്, പി കെ.ബിജു , ഇന്നസെന്റ് തുടങ്ങിയവരൊക്കെ തിരഞ്ഞെടുപ്പിൽ തോറ്റു തുന്നം പാടുമെന്ന് പ്രവചിച്ച മഹാമനീഷിയാണ് ഇദ്ദേഹം. തൃപ്പൂണിത്തുറയിൽ വന്ന് കെ.കരുണാകരന് സ്തുതി പാടാനും തൃശൂരിൽ ചെന്ന് നരേന്ദ്ര മോഡിക്ക് ജയ് വിളിക്കാനും ഒരു സങ്കോചവുമില്ലാത്ത ഈ അസാമാന്യ ചർമക്കരുത്ത് പഠനവിഷയമാക്കേണ്ടതാണ്.

ചികിത്സിക്കേണ്ടവരെ ചികിത്സിക്കാൻ ഉത്തരവാദിത്വമുള്ളവർ തയ്യാറായില്ലെങ്കിൽ ഇനിയും പലതും നമ്മൾ കാണേണ്ടി വരും.. ! എനിക്കെതിരെ ഫേസ്ബുക്കിലൂടെ ഈ മഹാനുഭാവൻ തിളച്ചുമറിഞ്ഞ ഇന്നലെ കറുത്ത വാവായിരുന്നു എന്നോർക്കുക….

സി പി ഐ (എം) എന്ന് കേൾക്കുമ്പോഴും ചെങ്കൊടി കാണുമ്പോഴും കള്ളുകുടിച്ച കുരങ്ങനെ തേളു കടിച്ചത് പോലെ വിജ്യംഭിക്കുന്ന ഈ മഹാത്മാവ് എൽ ഡി ഫ് അധികാരത്തിൽ വരുമ്പോഴെല്ലാം സ്റ്റാന്റിംഗ് കൗൺസിലായും അല്ലാതെയും മാമു ഉണ്ണാനുള്ള വക സംഘടിപ്പിക്കാനുള്ള അസാമാന്യ മെയ് വഴക്കം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോൾ ഹൗസിംഗ് ബോർഡിന്റെയും മിൽമയുടെയും പരിസരങ്ങളിൽ ഈ മോഹക്കുരുവി വട്ടമിട്ട് പറക്കാൻ തുടങ്ങിയിട്ട് കുറച്ചായി. സർക്കാർ ഉത്തരവ് ഇറങ്ങാൻ ഇനിയും വൈകിയാൽ പ്രശ്നം രൂക്ഷമാകും ….

സി പി ഐയുടെയും ആർ എസ് എസിന്റെയും ബി ഡി ജെ എസിന്റയും ഓഫീസുകളിലും റിപ്പോർട്ടർ ചാനലിലും മാറിമാറി കാണുന്ന അവസരവാദികളായ ഇത്തരം അഖിലലോക അലവലാതികൾ അഭംഗുരം കുരയ്ക്കട്ടെ.

ലോ അക്കാദമി ലോ കോളെജ് വിദ്യാര്‍ത്ഥികളുടെ ലക്ഷ്മി നായര്‍ വിരുദ്ധ സമരം ജനത്തിരക്കേറിയ മൂന്നാം വാരത്തില്‍ പ്രവേശിച്ചിട്ടും സമരത്തിന്റെ മുന്‍പന്തിയില്‍ എസ്എഫ്‌ഐ ഉണ്ടായിട്ടും സഖാവ് സ്വരാജ് നായര്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന ജയശങ്കറിന്റെ പോസ്റ്റ്-

പാതാളഭരണിവരണ്ടിയുണ്ടോ സഖാവേ, നാവു തപ്പിയെടുക്കാൻ ?

ലാ അക്കാദമി ലാ കാളേജ് വിദ്യാർത്ഥികളുടെ ലക്ഷ്മി നായർ വിരുദ്ധ സമരം ജനത്തിരക്കേറിയ മൂന്നാം വാരത്തിൽ പ്രവേശിച്ചിട്ടും സമരത്തിന്റെ മുൻപന്തിയിൽ എസ്.എഫ്.ഐ. ഉണ്ടായിട്ടും സഖാവ് സ്വരാജ് നായർ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് പാർട്ടിക്കാർ തന്നെ ചോദിക്കാൻ തുടണ്ടിയിരിക്കുന്നു. എസ്.എഫ്.ഐ.യുടെ മുൻ സംസ്ഥാനസെക്രട്ടറി, ഡിഫിയുടെ സെക്രട്ടറി, തൃപ്പൂണിത്തുറ എം.എൽ.എ., വിപ്ലവ തീപ്പന്തം എന്നീ നിലകളിലൊക്കെ സമരപ്പന്തൽ സന്ദർശിച്ചു വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ നായരുകുട്ടിക്ക് ബാധ്യതയുണ്ട്. മാത്രമല്ല വി.എസ്.അച്യുതാനന്ദൻ, വി.എം.സുധീരൻ, കാനം രാജേന്ദ്രൻ എന്നിവരൊക്കെ വന്നുപോയിക്കഴിഞ്ഞു. ബി.ജെ.പി.നേതാവ് മുരളീധരൻ പന്തലിൽ ഉപവാസം വരെ നടത്തിക്കളഞ്ഞു. എന്നാൽ ഫേസ്ബുക്ക് വഴിയെങ്കിലും ഒരാശംസാസന്ദേശം അയക്കാൻ സ്വരാജിന് സാധിച്ചില്ല.

വി.എസ്.അച്യുതാനന്ദനും വി.എം.സുധീരനും വി.മുരളീധരനും കാനം രാജേന്ദ്രനും ഇല്ലാത്ത ഒരു പരാധീനത സ്വരാജിനുണ്ട്. അദ്ദേഹം പിൻവാതിലിലൂടെ ലാ അക്കാദമിയിൽ പ്രവേശനം നേടി, ‘നല്ല’ മാർക്കോടെ ബിരുദം നേടിയ ആളാണ്.

എന്തിന് സ്വരാജിനെ പറയണം? ലാ അക്കാദമിക്കെതിരെ സുരേഷ്കുറുപ്പ്‌പോലും പ്രതികരിക്കില്ല. കാരണം അദ്ദേഹവും അക്കാദമി പ്രോഡക്ട് ആണ്.

പാർട്ടിഭേദമന്യേ യുവതലമുറയിലെ ഒട്ടുമിക്ക നേതാക്കളും ലാ അക്കാദമി ഉൽപ്പന്നങ്ങളാണ്. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും (പിന്നെ തൃശ്ശൂരും) മാത്രം സർക്കാർ ലോ കോളേജുകൾ ഉണ്ടായിരുന്നകാലത്തു നിരങ്ങിപാസ്സുകാരായ നേതാക്കന്മാർക്ക് ലാ അക്കാദമിയിലല്ലാതെ ഒരിടത്തും അഡ്മിഷൻ കിട്ടുമായിരുന്നില്ല.

അക്കാദമിക്ക് പിൻവാതിൽ അല്ലാതെ മുൻവാതിൽ ഉണ്ടായിരുന്നേയില്ല. ത്രിവത്സര എൽഎൽ.ബി പ്രവേശനത്തിന് രാഷ്ട്രീയ സ്വാധീനം മാത്രമായിരുന്നു യോഗ്യത. കോൺഗ്രസിന്, കമ്മ്യൂണിസ്റ്റിനു, ലീഗിന്, ബി.ജെ.പി.ക്ക്- എല്ലാവർക്കും യഥാശക്തി സീറ്റുകൾ വീതിച്ചുകൊടുക്കുകയായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടും, സി.അച്യുതമേനോനും മുതൽ കൊടുത്ത ശുപാർശകത്തുകൾ ഡോ.നാരായണൻ നായർ ഫയലാക്കി സൂക്ഷിച്ചിട്ടുണ്ട്. അക്കാദമിക്കെതിരെ പ്രതികരിക്കുന്നത് ഏത് പൊന്നുമോനായാലും സൂക്ഷിക്കണം. അല്ലെങ്കിൽ ശുപാർശ കത്ത് പുറത്തുവരും.

ഒരാൾക്ക് അഡ്മിഷൻ നൽകാൻ ഒന്നിലധികം നേതാക്കളിൽ നിന്നും ശുപാർശ കത്ത് വാങ്ങലും പതിവാണ്. ഉദാഹരണത്തിന്, വെളിയം ഭാർഗവാന്റെ കത്തുമായി ചെന്നാൽ അതുവാങ്ങിവെച് ഇനി പി.എസ്.ശ്രീനിവാസന്റെ ഒരു കത്തുകൂടി കൊണ്ടുവന്നാൽ നോക്കാം എന്നുപറയും നാരായണൻ നായർ.

അങ്ങനെ ലാ അക്കാദമി വഴി നിയമബിരുദം നേടിയ പലരും അത്യുന്നതസ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫ് കേരളാ കോൺഗ്രസ് ക്വാട്ടയിൽ കയറിയ ആളാണ്. കെ.എം.ജോർജ് ആണോ കെ.എം. മാണിയാണോ അതോ രണ്ടുപേരുംകൂടിയാണോ ശുപാർശ ചെയ്തതെന്നറിയില്ല.

ഈ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ്, പൊതുസ്ഥാപനമായി ആരംഭിച്ച ലാ അക്കാദമി സ്വകാര്യ സ്വത്താക്കി മാറ്റാൻ നാരായണൻ നായർക്ക് സാധിച്ചത്. പാട്ടത്തിനു കിട്ടിയ സ്ഥലം പിന്നീട് പതിപ്പിച്ചെടുക്കാൻ സാധിച്ചതും ഈ രാജ്യത്തെ ഭരണഘടനയും പാർലമെന്റും നിയമസഭയും പാസാക്കിയ നിയമങ്ങളും അക്കാദമിക്ക് ബാധകമല്ലാതായതും അതുകൊണ്ടുതന്നെ. ഇടതുപക്ഷം ഭരിച്ചാലും വലതുപക്ഷം ഭരിച്ചാലും അദ്ദേഹത്തിന് പേടിക്കണ്ട. ഇനി ബി.ജെ.പി.വന്നാലും കുഴപ്പമില്ല. വല്ല മാവോയിസ്റ്റുകളോ മറ്റോ അധികാരം പിടിച്ചെടുക്കാൻ സാധ്യതയുണ്ടായാൽ അവർക്കും പിൻവാതിലിലൂടെ പ്രവേശനം നൽകാൻ മടിക്കില്ല.

ഈ യാഥാർഥ്യം തിരിച്ചറിഞ്ഞു വിദ്യാർത്ഥികൾ സമരം എത്രയും വേഗം പിൻവലിച്ചു ലക്ഷ്മി മാഡത്തിനോട് മാപ്പുപറയുന്നതാണ് അവർക്ക് നല്ലത്. സമരക്കാരെ സഹായിക്കാൻ വിദ്യാഭ്യാസമന്ത്രിയും വരില്ല മുഖ്യമന്ത്രിയും വരില്ല. പ്രതിപക്ഷ നേതാവിനെയും പ്രതീക്ഷിക്കണ്ട. ലാ അക്കാദമി സ്ഥലം പിശകാണ്. സൂക്ഷിക്കണം അല്ലെങ്കിൽ തടി കേടാവും.

Top