ലോക അത്ലറ്റിക് മീറ്റ്; യോഗ്യതാ റൗണ്ടില്‍ എം. ശ്രീശങ്കര്‍ പുറത്തായി

ദോഹ: ലോക അത്ലറ്റിക് മീറ്റില്‍ ഫൈനല്‍ യോഗ്യത നേടാതെ ലോങ്ജമ്പര്‍ എം. ശ്രീശങ്കര്‍ പുറത്തായി. മീറ്റിലെ ആദ്യ ഇനമായ ലോങ്ജമ്പില്‍ 7.62 മീറ്ററാണ് ഈ മലയാളി താരം ചാടിയത്. എന്നാല്‍ ഫൈനലിന്റെ യോഗ്യതാമാര്‍ക്ക് 8.15 മീറ്ററായിരുന്നു. ഇതേ ഇനത്തില്‍ 8.20 മീറ്റര്‍ ചാടി ദേശീയ റെക്കോര്‍ഡിട്ട ശ്രീശങ്കറിന് ദോഹയില്‍ അതിനടുത്ത് പോലും എത്താനായില്ല.

ആദ്യചാട്ടത്തില്‍ 7.52 മീറ്റര്‍ മറികടന്നു. രണ്ടാമത്തെ അവസരത്തില്‍ 7.62 മീറ്ററും. മൂന്നാം ചാട്ടം ഫൗളാവുകയായിരുന്നു. ഇതോടെ 27 പേര്‍ പങ്കെടുത്ത യോഗ്യതാ റൗണ്ടില്‍ ശ്രീശങ്കര്‍ 22-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 8.40 മീറ്റര്‍ മറികടന്ന ക്യൂബയുടെ യുവാന്‍ മിഗ്വേല്‍ എച്ചെവാരിയയാണ് യോഗ്യതാ റൗണ്ടില്‍ ഒന്നാമനായത്.

സമീപകാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ അത്ലറ്റാണ് പാലക്കാട് സ്വദേശിയായ ലോങ്ജമ്പര്‍ എം. ശ്രീശങ്കര്‍. കഴിഞ്ഞവര്‍ഷം ഭുവനേശ്വറില്‍ വച്ചു നടന്ന ഓപ്പണ്‍ അത്‌ലറ്റിക്സില്‍ 8.20 മീറ്റര്‍ ചാടിക്കടന്ന് ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു. ഇക്കുറി പാട്യാല ഇന്ത്യന്‍ ഗ്രാന്‍പ്രീക്‌സില്‍ ഒരിക്കല്‍ക്കൂടി എട്ടുമീറ്റര്‍ കടന്നിരുന്നു.

Top