മെഡൽ പ്രതീക്ഷകളുമായി എം ശ്രീശങ്കറും മുഹമ്മദ് അനീസും ഇന്ന് ജംപിംഗ് പിറ്റിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ലോംഗ്‌ജംപിൽ മെഡൽ പ്രതീക്ഷയായ എം ശ്രീശങ്കറിനും മുഹമ്മദ് അനീസിനും ഇന്ന് ഫൈനൽ. രാത്രി പന്ത്രണ്ടിന് ശേഷമാണ് മലയാളി താരങ്ങൾ മത്സരിക്കുന്ന ലോംഗ്‌ജംപ് ഫൈനൽ തുടങ്ങുക.

യോഗ്യതാറൗണ്ടിൽ എം ശ്രീശങ്കർ ഒറ്റച്ചാട്ടത്തിൽ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു. ആദ്യ ശ്രമത്തിൽ ചാടിയത് 8.05 മീറ്റർ. യോഗ്യതാറൗണ്ടിൽ എട്ട് മീറ്റർ മറികടന്നതും ശ്രീശങ്കർ മാത്രം. മുഹമ്മദ് അനീസ് 7.68 മീറ്റർ ദൂരത്തോടെയാണ് ഫൈനലുറപ്പിച്ചത്. ഫൈനലിൽ മത്സരക്കുന്ന പന്തണ്ട് താരങ്ങളിൽ ഒരാളൊഴികെ എല്ലാവരും കരിയറിൽ എട്ട് മീറ്റർ മറികടന്നവരാണ്. 8.36 മീറ്റർ ദൂരത്തോടെ ദേശീയ റെക്കോർഡിന് ഉടമയായ ശ്രീശങ്കറാണ് ഫൈനലിസ്റ്റുകളിൽ ഏറ്റവും മികച്ച പ്രകടനത്തിനുടമ. ഈ മികവ് ആവർത്തിച്ചാൽ ജംപിംഗ് പിറ്റിൽ ശ്രീശങ്കറിലൂടെ ഇന്ത്യക്ക് സ്വർണമുറപ്പിക്കാം.

കഴിഞ്ഞമാസം ശ്രീശങ്കർ ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ എത്തിയിരുന്നു. കരിയറിലെ ഏറ്റവും മികച്ച പ്രകടനമായ 8.15 മീറ്ററിലെത്തിയാൽ അനീസിനും മെഡൽ പ്രതീക്ഷിക്കാം.

Top