എം.ശിവശങ്കർ വിരമിക്കും; ഐഎഎസ് തലപ്പത്ത് അഴിച്ചു പണി

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചു പണി നടത്തി സർക്കാർ. പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഈ മാസം 31-ന് സർവ്വീസിൽ നിന്നും വിരമിക്കുന്നതിനോട് അനുബന്ധിച്ചാണ് അഴിച്ചു പണി നടത്തിയത്. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജിനെ സാമൂഹിക നീതി വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.

സഹകരണവകുപ്പ് സെക്രട്ടറിയായ മിനി ആന്റണിക്ക് സാംസ്കാരിക വകുപ്പിന്റെ അധിക ചുമതല നൽകി. തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ബിജുവിനെ പൊതുമരാമത്ത് വകുപ്പിലേക്ക് മാറ്റി. കൃഷി വകുപ്പ് സെക്രട്ടറിയായ ഡോ.ബി.അശോകിന് കാർഷികോൽപ്പാദന കമ്മീഷണറുടെ അധിക ചുമതല നൽകി.

പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഈ മാസം 31ന് വിരമിക്കുന്നതിനാൽ അദ്ദേഹം വഹിച്ചിരുന്ന കായിക- യുവക്ഷേമ വകുപ്പുകളുടെ ചുമതല പ്രണവ് ജ്യോതിനാഥിന് നൽകി. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന അജിത് കുമാറിനെ തൊഴിൽ വകുപ്പിലേക്കും മാറ്റി.

Top