m sivasankar statement

ദുബായ് : കേരളത്തിലെ ഐടി കമ്പനികള്‍ക്ക് ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ വാണിജ്യ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കും.

ടൂറിസം രംഗത്ത് പരീക്ഷിച്ചു വിജയിച്ച മാതൃകയാവും ഇതിനു ആധാരമാക്കുകയെന്നു ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു.

ദുബായില്‍ നടക്കുന്ന ടൈക്‌സ് ടെക്‌നോളജി വീക്കില്‍ വിവിധ പ്രതിനിധി സംഘങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായ സംരംഭകരും സര്‍ക്കാരും വര്‍ഷങ്ങളായി യോജിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണ് കേരള ടൂറിസത്തിന്റെ വളര്‍ച്ചയെന്നും ഈ സഹകരണം ഐടി രംഗത്തും ആവര്‍ത്തിക്കുന്നതോടെ സംസ്ഥാനത്തെ മികച്ച ഐടി കേന്ദ്രമാക്കി മാറ്റാന്‍ കഴിയുമെന്നും ശിവശങ്കര്‍ പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി കേരളത്തിനുള്ള ബന്ധം പ്രയോജനപ്പെടുത്തിയാവും കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കുക. ദുബായ് ടീകോമിനെയും കൊച്ചി സ്മാര്‍ട്ട് സിറ്റിയെയും ഇതുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശ രാജ്യങ്ങളില്‍ വ്യാപാര സാധ്യതയുള്ള ഇഗവര്‍ണന്‍സ് പ്രോഡക്റ്റുകളുടെ പ്രോട്ടോടൈപ്പുകള്‍ രൂപപ്പെടുത്താന്‍ ചെറുകിട, ഇടത്തരം കമ്പനികള്‍ക്ക് ഫണ്ട് നീക്കിവയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് ശിവശങ്കര്‍ പറഞ്ഞു.

ഗള്‍ഫ് മേഖലയിലെ നിലവിലെ സാമ്പത്തിക സ്ഥിതി കേരളത്തിലെ ഐടി കമ്പനികള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ജിടെക് ബിസിനസ് ഫോക്കസ് ഗ്രൂപ്പ് കണ്‍വീനര്‍ റഫീഖ് കെ മുഹമ്മദ് പറഞ്ഞു.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വന്‍കിട അന്താരാഷ്ട്ര കമ്പനികളുടെ വിലകൂടിയ സോഫ്ട്‌വെയറുകള്‍ മാറ്റി നിറുത്തി ചെലവ് കുറഞ്ഞ സോഫ്ട്‌വെയറുകള്‍ക്കാണ് മിക്ക വ്യവസായങ്ങളും ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.

ഇത് പ്രയോജനപെടുത്താന്‍ കേരളത്തിലെ കമ്പനികള്‍ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിന്നുള്ള ഇരുപത്തിയെട്ടു കമ്പനികളാണ് ദുബായില്‍ നടക്കുന്ന ജൈടെക്‌സ് ടെക്‌നോളജി വീക്കില്‍ പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങളുമായി നടന്ന ചര്‍ച്ചകള്‍ക്ക് ജിടെക് സെക്രട്ടറി വിജയ് കുമാര്‍ പി, ജിടെക് സിഇഓ രഞ്ജിത്ത് രാമാനുജം എന്നിവര്‍ നേതൃത്വം നല്‍കി.

Top