സ്വര്‍ണ്ണക്കടത്ത് കേസ്; സംസ്ഥാന സര്‍ക്കാരിനെതിരെ ഹർജിയുമായി എം.ശിവശങ്കര്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് തന്നെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത്, സ്‌പോര്‍ട്‌സ് യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ്‌ ട്രൈബ്യൂണലിനെ സമീപിച്ചു. സര്‍വീസ് ചട്ട ലംഘനം ആരോപിച്ചു സസ്‌പെന്‍ഡ് ചെയ്ത ശിവശങ്കറിനെ പതിനേഴു മാസത്തിനു ശേഷമാണ് തിരിച്ചെടുത്തത്.

സ്വര്‍ണക്കടത്തു കേസിനെക്കുറിച്ചു വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ശിവശങ്കര്‍ അവധിക്ക് അപേക്ഷിക്കുകയായിരുന്നു. 2020 ജൂലൈ ഏഴു മുതല്‍ ഒരു വര്‍ഷത്തേക്ക് അവധി സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ അനുവദിച്ച അവധി റദ്ദാക്കി ശിവശങ്കറിനെ ജൂലൈ 27 മുതല്‍ സസ്‌പെന്‍ഡ് ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്.

അനുവദിച്ച അവധി റദ്ദാക്കിയതും സസ്‌പെന്‍ഷന്‍ ഉത്തരവു പുറപ്പെടുവിച്ചതും രാഷ്ട്രീയ കാരണങ്ങളാലാണ് എന്നാണ് അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയില്‍ ശിവശങ്കര്‍ പറയുന്നത്. മാധ്യമ വിചാരണയാണ് ഇതിലേക്കു നയിച്ചത്. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനായി തെറ്റൊന്നും ചെയ്യാത്ത തന്നെ ബലിയാടാക്കുകയായിരുന്നെന്ന് ശിവശങ്കര്‍ പറയുന്നു.

Top