എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഇഡി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍. ഇ ഡി ഇത് സംബന്ധിച്ച് കോടതിയില്‍ ഹര്‍ജി നല്‍കി. ശിവശങ്കറിന് ജാമ്യം നല്‍കിയിരിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് വാദം. കസ്റ്റംസ്, ഇ ഡി ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു.

ഒക്ടോബര്‍ 28നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസ്, കള്ളപ്പണ കേസ്, ഡോളര്‍ കടത്ത് കേസ് എന്നീ കേസുകളില്‍ ആയിരുന്നു അറസ്റ്റ്. കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് സ്വര്‍ണക്കടത്ത് കേസില്‍ നവംബറില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്.

ഡോളര്‍ കടത്ത് കേസില്‍ ജനുവരിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ മാസം മൂന്നിനാണ് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ശിവശങ്കര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു ഇത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ 22-ാം പ്രതിയാണ് ശിവശങ്കര്‍.

 

Top