എം ശിവശങ്കറിന് ജാമ്യം; 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തേയ്ക്ക്

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും  ജാമ്യം ലഭിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് ഇനി പുറത്തിറങ്ങാം.  എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 98 ദിവസമാണ് ശിവശങ്കര്‍ ജയിലില്‍ കിടന്നത്. ഉച്ചയോടെ ശിവശങ്കര്‍ പുറത്തിറങ്ങിയേക്കുമെന്നാണ് വിവരം. ഡോളര്‍ കടത്ത് കേസില്‍ അദ്ദേഹം നാലാം പ്രതിയാണ്. കൃത്യമായ തെളിവുകള്‍ നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് ജാമ്യം.

ഡോളര്‍ കടത്ത്, സ്വര്‍ണ്ണക്കടത്ത് കേസുകളിലാണ് അദ്ദേഹം പ്രതിയായിട്ടുള്ളത്. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയും സ്വര്‍ണ്ണക്കടത്തില്‍ 22-ാം പ്രതിയുമാണ് അദ്ദേഹം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റം പത്രം സമര്‍പ്പിച്ചെങ്കിലും അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയായിരുന്നു. ആദ്യം സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലാണ് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. അന്ന് വൈകുന്നേരം തന്നെ അദ്ദേഹത്തിന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹൈക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു. ഏറ്റവും ഒടുവിലാണ് ഇപ്പോള്‍ ഡോളര്‍ കടത്ത് കേസില്‍ ജാമ്യം ലഭിച്ചിരിക്കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ആദ്യം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടു കൊണ്ടായിരുന്നു അത്. പിന്നീട് സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസും അറസ്റ്റ് രേഖപ്പെടുത്തി.

Top