മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ്

തിരുവനന്തപുരം: മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ്. വെള്ളിയാഴ്ചയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തുമായി ശിവശങ്കര്‍ ഈ ഫ്‌ളാറ്റില്‍ വച്ച് ചര്‍ച്ച നടത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സെക്രട്ടേറിയറ്റിനു സമീപത്തുള്ള ഫ്‌ളാറ്റിലെ നാലാം നിലയിലാണ് ശിവശങ്കര്‍ ഒരു വര്‍ഷമായി താമസിക്കുന്നത്.

അതേസമയം തിരുവനന്തപുരം വഴി സ്വര്‍ണം കടത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള ഫെദര്‍ ടവര്‍ ഫ്ളാറ്റിലാണെന്ന് നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചു. പ്രതികളായ സ്വപ്ന സുരേഷും സന്ദീപും സരിത്തും ഫെദര്‍ ടവറിലെ എഫ് 6 ഫ്ളാറ്റില്‍ വെച്ച് ഇടപാടുകാരുമായി സ്വര്‍ണത്തിന്റെ വിലയടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന സുപ്രധാന വിവരങ്ങളാണ് കസ്റ്റംസ് കണ്ടെത്തിയത്.

നേരത്തെ റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് ഇതേ ഫ്ളാറ്റില്‍ഓഫീസ് മുറി വാടകയ്ക്കെടുത്തതും വിവാദമായിരുന്നു. മുന്‍ ഐടി സെക്രട്ടറിയായ ശിവശങ്കരന്‍ മൂന്ന് വര്‍ഷത്തോളം ഈ ഫ്ളാറ്റില്‍ താമസിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യവും അന്വേഷണ സംഘം വിശദമായി പരിശോധിക്കും.ഇതോടെ കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ച് നടക്കുമെന്നാണ് സൂചന.

Top