കസ്റ്റംസ് ‘ഇരുട്ടിന് മറവില്‍’ നടത്തുന്നത് രാഷ്ട്രീയ വിധേയത്വമോ?

സ്റ്റംസ് കളിക്കുന്നത് രാഷ്ട്രീയമോ? എം.ശിവശങ്കറിന്റെ കസ്റ്റഡി സംബന്ധമായ വാര്‍ത്തകളാണ് ഈ സംശയം ബലപ്പെടുത്തുന്നത്. ജോസ് കെ മാണി വിഭാഗം കേരള കോണ്‍ഗ്രസ്സ് ഇടതുപക്ഷത്തേക്ക് എത്തിയ രാഷ്ട്രീയ സാഹചര്യത്തില്‍ തന്നെയാണ് നിര്‍ണ്ണായക കരുനീക്കം കസ്റ്റംസിപ്പോള്‍ നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി ദേശീയ നേതൃത്വം തന്നെ ആരോപണമുന്നയിച്ചതും ഇതേ ദിവസം തന്നെയാണ്. കേന്ദ്ര സര്‍ക്കാറില്‍ നിന്നും ശക്തമായ ഒരു ഇടപെടല്‍ നടന്നു എന്ന് വ്യക്തം. എന്നാല്‍ വേണ്ടത്ര തെളിവില്ലാതെയാണ് കേന്ദ്ര ഏജന്‍സികള്‍ നടപടി സ്വീകരിക്കുന്നതെങ്കില്‍ അത് കോടതിയില്‍ തിരിച്ചടിക്കും. പ്രത്യേകിച്ച് ഒരു ഐ.എ.എസ് ഓഫീസറാണ് ശിവശങ്കര്‍ എന്നതിനാല്‍ കോടതിയും സൂക്ഷമമായാണ് കാര്യങ്ങള്‍ വിലയിരുത്തുക.

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ വരുമായിരുന്ന ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കുക വഴി പ്രതിപക്ഷത്തിന് വാര്‍ത്താ വിഭവം ഒരുക്കുന്ന ‘സഹായം’ കൂടിയാണ് കസ്റ്റംസ് ചെയ്തിരിക്കുന്നത്. ചാനലുകളെല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ജോസ് കെ മാണിയുടെ ഇടതു പ്രവേശന ചര്‍ച്ച ഒഴിവാക്കി, മുഖ്യമന്ത്രിയുടെ ഈ മുന്‍ പ്രൈവറ്റ് സെക്രട്ടറിയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. രാഷ്ട്രീയപരമായി പ്രതിരോധത്തിലായ യു.ഡി.എഫ് നേതാക്കള്‍ ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

 

ശിവശങ്കര്‍ തെറ്റുകാരനാണെങ്കില്‍ നേരത്തെ തന്നെ കസ്റ്റംസിനും എന്‍ഫോഴ്‌സ്‌മെന്റിനും എന്‍.ഐ.എയ്ക്കും അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ല. അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയില്‍ പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് കസ്റ്റംസ് നിര്‍ണ്ണായക നീക്കം നടത്തിയിരിക്കുന്നത്. നോട്ടീസ് നല്‍കി വിളിപ്പിച്ചാല്‍ ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടുമെന്ന് കസ്റ്റംസ് ഭയന്നു വെന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്കെല്ലാം ജാമ്യം കിട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. യു.എ.പി.എ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ നിയമ വിദഗ്ധര്‍ക്ക് തന്നെ സംശയമുണ്ട്. അതുകൊണ്ട് തന്നെയാണ് ധൃതി പിടിച്ച ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യവും സംശയിക്കപ്പെടുന്നത്.

അതേസമയം, ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശിവശങ്കറിന് എന്ത് സംഭവിച്ചാലും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കസ്റ്റംസിന് തന്നെ ആയിരിക്കുമെന്നാണ് പ്രമുഖ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നത്. തന്നെ വാഹനത്തില്‍വച്ച് മര്‍ദ്ദിച്ചെന്ന് ശിവശങ്കര്‍ മൊഴി കൊടുത്താല്‍ പോലും കേന്ദ്ര അന്വേഷണസംഘം പ്രതികളാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസിനാണ് അധികാരം. മുന്‍പ് ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ ഒരു ഡി.വൈ.എസ്.പിയെ കസ്റ്റഡിയില്‍ മര്‍ദിച്ചെന്ന പരാതിയില്‍ കൊച്ചിയിലെ സി.ബി.ഐ ഓഫീസില്‍ കൊച്ചി സിറ്റി പൊലീസ് റെയ്ഡ് ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു.

Top