ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം; റെയ്‌നയെ കടത്തിവെട്ടി ധോണി

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എം എസ് ധോണി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തോടെ ധോണി ഇന്ന് 194 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തന്നെ താരം സുരേഷ് റെയ്നയെയാണ് ധോണി മറികടന്നത്. 193 മത്സരങ്ങള്‍ റെയ്നയുടെ അക്കൗണ്ടിലുണ്ട്.

റെക്കോര്‍ഡ് പിന്നിട്ട ധോണിയെ സുരേഷ് റെയ്ന ഫെയ്‌സ്ബുക്കിലൂടെ അഭിനന്ദിച്ചു.  ഫേസ്ബുക്ക് പോസ്റ്റിങ്ങനെ… ‘ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പിന്നിട്ടതിന് അഭിനന്ദങ്ങള്‍ മഹി ഭായ്. നിങ്ങളാണ് എന്റെ റെക്കോഡ് തകര്‍ത്തതെന്ന് ഓര്‍ക്കുമ്‌ബോള്‍ ഇരട്ടിസന്തോഷം. ഇന്നത്തെ മത്സരത്തിന് എല്ലാവിധ ആശംസകളും. എനിക്ക് ഉറപ്പുണ്ട്. ഈ സീസണിലും ചെന്നൈ സൂപ്പര്‍ കിംഗ്സ് കിരീടമുയര്‍ത്തും.”

ഐപിഎല്ലില്‍ ഇത്തവണ ചെന്നൈയ്ക്കൊപ്പം തുടര്‍ന്നിരുന്നെങ്കില്‍ ഈ റെക്കോഡ് റെയ്നയുടെ പേരില്‍ തന്നെ അവശേഷിച്ചേനെ. എന്നാല്‍ ടൂര്‍ണമെന്റിന് തൊട്ടുമുമ്പ് താരം പിന്മാറുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയ്ന നാട്ടിലേക്ക് മടങ്ങിയത്.

Top