സൗഹൃദ രാജ്യങ്ങളെല്ലാം കൈവിട്ടു, ബ്രിട്ടന് രക്ഷയായത് കൊച്ചു ക്യൂബ !

ലോകത്തെ ഏറ്റവും ശക്തമായ സഖ്യമാണ് അമേരിക്കയുടേത്. സാമ്പത്തികമായായാലും സൈനികമായായാലും അത് അങ്ങനെത്തന്നെയാണ്. ഇതിന്റെ നെടും തൂണാണ് ബ്രിട്ടണ്‍.

ഒരു കാലത്ത് ലോകത്തെ സ്വന്തം അധിനിവേശത്തിലാക്കിയ ആ രാജ്യം ഇപ്പോള്‍ ഏറെ കടപ്പെട്ടിരിക്കുന്നത് ക്യൂബയോടാണ്.

സൗഹൃദ രാജ്യങ്ങള്‍ പോലും കൈവിട്ടപ്പോള്‍ ശത്രുവിന് കൈ കൊടുത്ത് സാന്ത്വനമേകിയിരിക്കുകയാണ് ക്യൂബന്‍ ഭരണകൂടം.

കോവിഡ് 19 സ്ഥിരീകരിച്ച രോഗികളുമായി വലഞ്ഞ ബ്രിട്ടീഷ് കപ്പലിന് കരയ്ക്ക് അടുക്കാനുള്ള അനുമതിയാണ് ക്യൂബ നല്‍കിയിരിക്കുന്നത്.

എം എസ് ബ്രാമിയര്‍ എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാര കപ്പലിനാണ് ക്യൂബന്‍ സര്‍ക്കാര്‍ നങ്കൂരമിടാന്‍ അനുമതി നല്‍കിയത്. കപ്പലില്‍ ഉണ്ടായിരുന്ന നിരവധി യാത്രക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് അറ്റലാന്റിക് സമുദ്രത്തിലുളള സൗഹൃദ രാജ്യങ്ങളോട് നങ്കുരമിടാന്‍ ബ്രിട്ടന്‍ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ കൊറോണ ഭീതി മൂലം ഒരു രാജ്യവും കപ്പല്‍ കരയ്ക്ക് അടുപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.

ഇതോടെ രണ്ട് ദിവസമായി കപ്പല്‍ സമുദ്രത്തില്‍ ഒറ്റപ്പെട്ട് കിടക്കുകയാണുണ്ടായത്.
തുടര്‍ന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ക്യൂബയുടെ സഹായം തേടാന്‍ നിര്‍ബന്ധിതമായത്. ബ്രിട്ടന്റെ അഭ്യര്‍ത്ഥന വിശാല മനസ്സോടെയാണ് ക്യൂബ സ്വീകരിച്ചത്. കപ്പലിലെ അറുന്നൂറ് യാത്രക്കാരേയും സുരക്ഷിത സ്ഥാനത്തേയ്ക്കാണ് മാറ്റിയിരിക്കുന്നത്.

ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്കക്കൊപ്പം മുന്‍പ് പ്രവര്‍ത്തിച്ച രാജ്യമാണ് ബ്രിട്ടന്‍. ആ രാജ്യമാണിപ്പോള്‍ ചുവപ്പിന്റെ മാഹാത്മ്യം തൊട്ടറിഞ്ഞിരിക്കുന്നത്.

അതിജീവനത്തിന് വേണ്ടി പൊരുതുന്ന ലോക ജനതയുടെ ആവേശവും മാതൃകയുമാണ് ഇന്ന് കൊച്ചു ക്യൂബ.

വിപ്ലവം, ആരോഗ്യ രംഗത്തും നടപ്പാക്കി വിജയിച്ച ചരിത്രമാണ് ഈ രാജ്യത്തിന്റേത്.മഹാവിപ്ലവകാരി ചെഗുവേരയുടെ മകള്‍ തന്നെ അറിയപ്പെടുന്ന ഒരു ഡോക്ടറാണ്. മഹാമാരിയായ കൊറോണയ്ക്കെതിരെയും വിട്ട് വീഴ്ചയില്ലാത്ത പ്രതിരോധമാണ് ക്യൂബ നിലവില്‍ നടത്തി വരുന്നത്.

അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയും കടന്നാക്രമിച്ചും തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ കൂടുതല്‍ കരുത്ത് കാട്ടിയ ചരിത്രമാണ് ക്യൂബയ്ക്കുള്ളത്.

‘കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ലന്ന’ ചെമ്പടയുടെ വാക്കുകള്‍ അമേരിക്കന്‍ ഭരണകൂടത്തെ തന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ആക്രമിച്ചാല്‍, ഒരുപിടി ചുവപ്പ് മണ്ണുമാത്രമേ അമേരിക്കക്ക് ലഭിക്കുകയൊള്ളൂ എന്നാണ് ഫിഡല്‍ കാസ്ട്രോയും മുന്നറിയിപ്പ് നല്‍കിയിരുന്നത്.

അതായത്, പോരാടി മരിക്കാന്‍ തന്റെ ജനത തയ്യാറാണെന്ന വ്യക്തമായ സന്ദേശം കൂടിയായിരുന്നു കാസ്ട്രോ നല്‍കിയിരുന്നത്.

ഇതോടെയാണ് അമേരിക്കയും തന്ത്രങ്ങള്‍ മാറ്റിയത്.പിന്നെ അവരുടെ ലക്ഷ്യം ഉപരോധവും കാസ്ട്രോയും മാത്രമായിരുന്നു.

അനവധി തവണയാണ് അമേരിക്കന്‍ ചാരസംഘടന കാസ്ട്രോ യെ വധിക്കാന്‍ ശ്രമിച്ചത്. ഇത്രയും കടന്നാക്രമണം നേരിട്ട രാഷ്ട്ര തലവന്‍മാര്‍ ലോകത്ത് വേറെയില്ല.

മാനസികമായി സ്വയം ആര്‍ജിച്ച കരുത്ത്, സ്വന്തം ജനതക്കാണ് കാസ്ട്രോ പകര്‍ന്ന് നല്‍കിയിരുന്നത്. ശത്രുവിനെ സ്നേഹം കൊണ്ട് കീഴടക്കാന്‍ ക്യൂബയെ പ്രേരിപ്പിക്കുന്നതും ഈ ആത്മവിശ്വാസം തന്നെയാണ്.

ക്യൂബ എല്ലാം സ്വയമായി ആര്‍ജിച്ചതാണ്. 1959-ല്‍ ആണ് വിപ്ലവത്തിലൂടെ ഫിഡല്‍ കാസ്ട്രോ ഭരണാധികാരിയായി ചുമതലയേറ്റിരുന്നത്.

എല്ലാ മേഖലകളിലും തകര്‍ന്ന ക്യൂബയെ പുരോഗതിയിലേക്ക് നയിച്ച് സോഷ്യലിസ്റ്റ് സാമുഹിക ക്രമം നടപ്പാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇതില്‍ ഭൂപരിഷ്‌ക്കരണ നിയമവും കാര്‍ഷിക നയവും എടുത്ത് പറയേണ്ടതാണ്. മുഴുവന്‍ കരിമ്പിന്‍ തോട്ടങ്ങളും ദേശസാത്ക്കരിച്ചു, ബാങ്കുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, പൊതുഗതാഗതം എന്നിവയും കാസ്ട്രോ, സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കുകയുണ്ടായി. തോട്ടങ്ങളും ഇവിടെ പൂര്‍ണ്ണമായും സര്‍ക്കാര്‍ അധീനതയിലാണ്.ക്യൂബയില്‍ വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യം മാത്രമല്ല, നിര്‍ബന്ധവുമാണ്.പൊതുവിതരണവും പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണുള്ളത്.

ആരോഗ്യ രംഗത്തെയും വിദ്യാഭ്യാസ രംഗത്തെയും ക്യൂബന്‍ മോഡല്‍ ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്.ക്യൂബയിലെ 1:195 എന്ന ഡോക്ടര്‍ – രോഗി അനുപാതം ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

ചികിത്സാരംഗത്ത് അമേരിക്ക ചെലവിടുന്നതിന്റെ നാലു ശതമാനം മാത്രം ചിലവിടുന്ന ക്യൂബ, ആരോഗ്യരംഗത്ത് അമേരിക്കയെയും മറികടന്നിരിക്കുകയാണ്. ക്യൂബന്‍ ജനതയുടെ ശരാശരി ആയുര്‍ദൈഘ്യം അമേരിക്കയ്ക്ക് തുല്യമായ 78 വയസായും ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ശിശു മരണനിരക്ക് അമേരിക്കയുടെ നേര്‍പ്പകുതിയായാണ് കുറഞ്ഞിരിക്കുന്നത്.

പോളിയോ, മലേറിയ, മെനിഞ്ചൈറ്റിസ്, ട്യൂബര്‍കുലോസിസ്, മീസില്‍സ്, റുബെല്ല ഡിഫ്തീരിയ, നിയോനെറ്റല്‍ ടെറ്റനസ് തുടങ്ങിയ നിരവധി രോഗങ്ങള്‍ പൂര്‍ണ്ണമായും ഇവിടെ നിന്നും നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടു. ഒരു മെഡിക്കള്‍ ഡോക്ടര്‍ കൂടിയായിരുന്ന ചെഗുവേരയുടേ കാഴ്ചപ്പാടിലെ സോഷ്യലിസ്റ്റ് ദര്‍ശനത്തിലൂന്നിയ ഒരു ചികിത്സാ പദ്ധതിയാണ് ക്യൂബയില്‍ നടപ്പിലാക്കിയിരുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ണ്ണമായി സ്റ്റേറ്റിന്റെ കീഴില്‍ സൗജന്യമാക്കുകയും, ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, സ്വന്തം ഗ്രാമത്തില്‍ സേവനം അനുഷ്ഠിക്കണമെന്ന് നിഷ്‌കര്‍ഷിക്കപ്പെട്ടുകയും ചെയ്തിട്ടുണ്ട്. രോഗത്തെ മാത്രമല്ല, രോഗിയേയും പരിസരത്തേയും അറിയുക എന്നതാണ് ആരോഗ്യ പരിപാലനത്തില്‍ പ്രധാനം. കൊറോണ വൈറസിന്റെ കാര്യത്തിലും ക്യൂബന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നതും ഇതാണ്.

ക്യൂബന്‍ തനത് ചികിത്സാ പദ്ധതിയില്‍ സര്‍ക്കാര്‍ സൗജന്യ ആതുരസേവനം ഏതു സമയത്തു വേണമെങ്കിലും ലഭ്യമാണ്.

ലോകത്തിലെ 154 രാജ്യങ്ങളിലായി 154,000 ക്യൂബന്‍ ആരോഗ്യ പ്രവര്‍ത്തകരാണ് സേവനമനുഷ്ടിക്കുന്നത്. ഇവരിപ്പോള്‍ കൊറോണയ്ക്കെതിരായ പോരാട്ടത്തിലാണ്.

അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന്, പഴകിയ ബയോ മെഡിക്കല്‍ ഉപകരണങ്ങളും, ഗുണമേന്മയില്ലാത്ത മരുന്നുകളുമായി പ്രവര്‍ത്തനം ആരംഭിച്ച, ക്യൂബ ഇന്ന് സ്വന്തമായി ഏറ്റവും അധികം പേറ്റന്റ് മരുന്നുകള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ്. എയിഡ്‌സ് പ്രതിരോധമരുന്ന് വികസനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യവും ഇതു തന്നെയാണ്.

ദുരന്തനിവാരണ രംഗത്തെ ക്യൂബയുടെ സംഭാവനകളും ലോകത്തിലെ മറ്റേത് രാജ്യത്തേക്കാളും മികച്ചതാണ്. ലോകത്തില്‍ എവിടെ ദുരന്തങ്ങള്‍ സംഭവിച്ചാലും സഹായവുമായി ആദ്യം എത്തുന്നത് ക്യൂബന്‍ മെഡിക്കല്‍ സംഘമാണ് എന്നതും ശ്രദ്ധേയമാണ്.

സാമ്പത്തിക നേട്ടത്തിലുപരി സന്നദ്ധപ്രവര്‍നങ്ങള്‍ക്ക് തയ്യറാകുന്ന ക്യൂബന്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു രാജ്യങ്ങള്‍ക്കെല്ലാം ഇന്ന് മാതൃകയാണ്. 1986-ല്‍ ചെര്‍ണോബില്‍ ദുരന്തം, 2004-ലെ സുനാമിയില്‍ തകര്‍ന്ന ശ്രീലങ്ക, 2005-ല്‍ പാക്കിസ്ഥാനില്‍ ഉണ്ടായ ഭൂകമ്പം. 2010-ലെ ഹെയ്തി ഭൂകമ്പം എന്നിവയില്‍ ഏറ്റവും അധികം ശ്രദ്ധേയമായ സേവനങ്ങള്‍ നില്‍കിയതും ക്യൂബന്‍ സംഘമാണ്.

വിപ്ലവകാരികളായ ചെഗുവേരയുടെയും കാസ്ട്രോയുടെയും ഓര്‍മ്മകളാണ് ഇവരുടേയെല്ലാം പ്രധാന കരുത്ത്.

മനുഷ്യ നന്മയാണ് കമ്യൂണിസത്തിന്റെ അടിസ്ഥാന ശിലയെന്ന തിരിച്ചറിവാണ് ക്യൂബന്‍ ജനതയെ നയിക്കുന്നത്. അതു കൊണ്ടാണ് അമേരിക്കയുടെ സഖ്യകക്ഷിയായ ബ്രിട്ടണ് പോലും അവരിപ്പോള്‍ കൈ കൊടുത്തിരിക്കുന്നത്.

ക്യൂബയെ കൊത്തിപറിക്കാന്‍ ആഗ്രഹിച്ച സകല സാമ്രാജ്യത്വ കഴുകന്‍മാരും കാണേണ്ട കാഴ്ചയാണിത്. കൊത്തി പറിക്കാന്‍ ഇരകളെ തേടുന്നവര്‍,ചിറകറ്റ് വീണാല്‍പ്പോലും അഭയം നല്‍കുന്നതിപ്പോള്‍ ഈ ചുവപ്പ് ദ്വീപ് തന്നെയാണ്.

Staff Reporter

Top