എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം തിങ്കളാഴ്ച നടപ്പാക്കണമെന്ന് ഹൈക്കോടതി

kerala-high-court

കൊച്ചി: കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം തിങ്കളാഴ്ച നടപ്പാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഇടപെടേണ്ടി വരുമെന്നും കോടതി പറഞ്ഞു. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച സാവകാശ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നടപടി.

വിധി നടപ്പാക്കാന്‍ കോടതിക്ക് അറിയാമെന്നും ചീഫ് ജസ്റ്റീസ് ഹര്‍ജി പരിഗണിക്കവെ പരാമര്‍ശിച്ചു. ഹൈക്കോടതി വിധിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയതിന് എം ഡി ടോമിന്‍ തച്ചങ്കരിക്ക് കോടതിയുടെ വിമര്‍ശനവുമുണ്ടായി. നാലായിരത്തില്‍പ്പരം എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റില്‍ നിന്നും നിയമനം നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.

പത്തു വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളതും പ്രതിവര്‍ഷം 120 ദിവസത്തില്‍ താഴെ മാത്രം ജോലി നോക്കുന്നതുമായ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്നാണ് വിധി. എംപാനല്‍ കണ്ടക്ടര്‍ക്ക് ഒരു ഡ്യൂട്ടിക്ക് 480 രൂപ വേതനം നല്‍കുന്‌പോള്‍ സ്ഥിര നിയമനം ലഭിച്ചവര്‍ക്ക് 711 രൂപ നല്‍കണം. പെന്‍ഷന്‍ ബാധ്യത ഇതിനു പുറമേയാണ്. ആകെയുള്ള 6300 ഷെഡ്യൂളുകളില്‍ 5100 ഷെഡ്യൂള്‍ സര്‍വീസ് നടത്തുന്നുന്നത്. എംപാനല്‍ കണ്ടക്ടര്‍മാരെ ഒഴിവാക്കി 11,160 കണ്ടക്ടര്‍മാരെ ഉപയോഗിച്ച് സര്‍വീസ് കാര്യക്ഷമമാക്കി നടത്താനാകില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം.

Top