മലപ്പുറം: ഇടതുമുന്നണിയില്‍ തിരിച്ചുവരാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച് ജനതാദള്‍ നേതാവ് എംപി വീരേന്ദ്രകുമാര്‍. മലപ്പുറത്ത് സിപിഐ സമ്മേളന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ഇടത് മുന്നണയിലേക്ക് വരാനുള്ള തന്റെ ആഗ്രഹം വീരേന്ദ്രകുമാര്‍ അറിയിച്ചത്.
സിപിഐ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ‘ഇടത് പക്ഷം ഭാവിയും പ്രതീക്ഷയും’ എന്ന വിഷത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കവെയായിരുന്നു വീരേന്ദ്രകുമാറിന്റെ പ്രസ്താവന. വര്‍ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇടതുമുന്നണിയുടെ ഭാഗമാകാനാണ് തനിക്ക് താല്‍പര്യമെന്നാണ് വീരേന്ദ്രകുമാര്‍ യോഗത്തില്‍ പറഞ്ഞു.
കുറച്ചുകാലം മുന്നണിയില്‍ നിന്ന് മാറി നിന്നത് കൊണ്ട് ഇടത് പക്ഷത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയ്ക്കുവേണ്ടിയും വര്‍ഗീയതയ്‌ക്കെതിരേയും അവസാന നിമിഷം വരെ പോരാടാന്‍ തയാറാണ്. അങ്ങനെയുള്ള പോരാട്ടത്തിന് ഇടത്പക്ഷത്തിന് മാത്രമേ കഴിയൂ. ഇന്ത്യയില്‍ ഇനി ഭാവി ഇടത്പക്ഷത്തിന് മാത്രമേയുള്ളൂവെന്നും ഇതിന്റെ ഭാഗമാകാന്‍ തന്നെ കൂട്ടണമെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.


