പൗരത്വ ഭേദഗതിയില്‍ പ്രതിഷേധം; ബിജെപി മധ്യപ്രദേശ് ന്യൂനപക്ഷ സെല്‍ സെക്രട്ടറി രാജിവച്ചു

ഭോപ്പാല്‍: ബിജെപി മധ്യപ്രദേശ് ന്യൂനപക്ഷ സെല്‍ സെക്രട്ടറി രാജിവച്ചു. അക്രം ഖാനാണ് രാജിവെച്ചത്. പൗരത്വ നിയമ ഭേദഗതിയിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ചാണ് രാജി.

‘സിഎഎയെയും എന്‍ആര്‍സിയെയും സംബന്ധിച്ച പാര്‍ട്ടിയുടെ തീരുമാനത്തെ ഞാന്‍ മാനിക്കുന്നു, 25 വര്‍ഷമായി ഈ പാര്‍ട്ടിയെ സേവിക്കുന്നു,” എന്നാല്‍ ചില സഹപ്രവര്‍ത്തകര്‍ ഒരു പ്രത്യേക സമൂഹത്തിനെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്, ഇത് അസഹനീയവും വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണ്. ഖാന്‍ പറഞ്ഞു.

രാജിയെ കുറിച്ച് മുതിര്‍ന്ന നേതൃത്വത്തെ താന്‍ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സഹ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളെ എനിക്ക് എതിര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അക്രം ഖാന്റെ ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന മാധ്യമ ചുമതലയുള്ള ലോകേന്ദ്ര പരാശര്‍ രംഗത്തെത്തി. നിയമത്തെക്കുറിച്ചുള്ള തെറ്റായ വിവര പ്രചാരണത്തിന്റെ ഇരയായി അക്രാംജി മാറി. രാജിവച്ചതിനുശേഷം, എല്ലാവരോടും, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്ക്, നിയമത്തിലെ ന്യൂനപക്ഷ വിരുദ്ധ വ്യവസ്ഥകള്‍ അദ്ദേഹം വിശദീകരിക്കണം. അതില്‍ അദ്ദേഹം പരാജയപ്പെട്ടാല്‍ അതിനര്‍ത്ഥം അദ്ദേഹം ന്യൂനപക്ഷങ്ങളെ പോലും വഞ്ചിച്ചു എന്നാണ്, ”അദ്ദേഹം പറഞ്ഞു.

Top