എം.എം മണിയെ അധിക്ഷേപിക്കുന്നവർ ആ കമ്യൂണിസ്റ്റിന്റെ ചരിത്രവും അറിയണം

കേരള രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ സെൻസേഷൻ ഇപ്പോൾ എം.എം മണിയാണ്. അദ്ദേഹം കെ.കെ രമയ്ക്കു നേരെ നടത്തിയ ‘പരാമർശമാണ് പ്രതിപക്ഷവും മാധ്യമങ്ങളും ഏറ്റെടുത്ത് വിവാദമാക്കിയിരിക്കുന്നത്. വിവാദ പരാമർശങ്ങളോട് ഞങ്ങൾക്കും യോജിപ്പില്ലങ്കിലും, ആ ഒരൊറ്റ പരാമർശം കൊണ്ടു മാത്രം വിലയിരുത്തപ്പെടേണ്ട രാഷ്ട്രീയ നേതാവല്ല മണിയാശാൻ.വിമർശകർ അതും ഓർക്കേണ്ടതുണ്ട്. മുൻപ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടതും ഒരു വിവാദ പ്രസംഗത്തിന്റെ പേരിലാണ്.ഈ കേസിൽ ഹൈക്കോടതിയാണ് അടുത്തയിടെ എം.എം മണിയെ കുറ്റവിമുക്തനാക്കിയിരുന്നത്. ഏത് കാര്യത്തിൽ പ്രതികരിക്കുമ്പോഴും മണിയാശാന് അദ്ദേഹത്തിന്റേതായ ശൈലിയുണ്ട്. നാടൻ ശൈലിയാണത്. അത് ഒരു ‘പ്രശ്നമാണെങ്കിൽ’ ഇനിയും പ്രശ്നക്കാരൻ തന്നെയായിരിക്കും മണിയാശാൻ. അക്കാര്യവും വ്യക്തമാണ്. മന്ത്രിയായിരിക്കുമ്പോൾ പോലും പോലീസിന്റെ അകമ്പടിയോ ടി വി ചാനലുകാരോ പി ആർ ടീമോ ഇല്ലാതെ ജനങ്ങളുടെ ദുരിതമകറ്റാൻ മുണ്ടും മടക്കി കുത്തി ഇറങ്ങിയ നേതാവാണ് അദ്ദേഹം.

പതിമൂന്നാം വയസ്സിൽ തന്നെ ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച ബാല്യമാണ് എം.എം മണിയുടേത്. കമ്യൂണിസ്റ്റു പാർട്ടി നിരോധിക്കപ്പെട്ട ആ കാലത്ത് വിപ്ലവ മുദ്രാവാക്യത്തിന്റെ അർത്ഥമോ അത് വിളിച്ചാൽ ഉണ്ടാവുന്ന ആപത്തോ കൊച്ചു മണിക്ക് അറിയില്ലായിരുന്നു. തുടർന്ന് അധ്യാപകരിൽ നിന്നും പൊതിരെ തല്ലു കിട്ടുകയും ചെയ്തു. കമ്യൂണിസ്റ്റുകാരെ പിടികൂടി പച്ചക്ക് തല്ലിക്കൊല്ലുന്ന ആ കാലത്ത് കൊണ്ട അടിയാണ് പിന്നീട് വിപ്ലവ മുദ്രാവാക്യത്തെയും ചുവപ്പ് പ്രത്യേയ ശാസ്ത്രത്തെയും കുറിച്ച് മനസ്സിലാക്കാൻ എം.എം മണിയെ പ്രേരിപ്പിച്ചിരുന്നത്.

1957ലെ ഇ.എം.എസ് മന്ത്രിസഭക്കെതിരെ നടന്ന വിമോചന സമരത്തിനെതിരെ കമ്യൂണിസ്റ്റു പാർട്ടി നടത്തിയ പ്രചരണത്തിലും എം.എം മണി സജീവമായി പങ്കെടുത്തിരുന്നു. കുടി ഒഴിപ്പിക്കലിനെതിരെ 61-ൽ എ.കെ.ജിയുടെ നേത്യത്വത്തിൽ നടന്ന പ്രക്ഷോഭത്തിലും പയ്യനായ എം.എം മണി പങ്കാളിയായി. പിന്നീട് അങ്ങോട്ട് പോരാട്ടത്തിന്റെ നാളുകളായിരുന്നു. ഇടുക്കിയുടെ മണ്ണ് ചുവന്ന് തുടുത്തതും ഈ പോരാട്ടങ്ങളുടെ കൂടി ഭാഗമായാണ്. കേരള രാഷ്ട്രീയത്തിൽ നീണ്ട 65 വർഷത്തെ പ്രവർത്തന പാരമ്പര്യമാണ് മണിയാശാനുള്ളത്.

സാധാരണക്കാരന്റെ ഭാഷയോടൊപ്പം തന്നെ കാർക്കശ്യസ്വഭാവവുമുള്ള എം.എം. മണി രാഷ്ട്രീയ എതിരാളികളെ സംബന്ധിച്ച് അന്നും ഇന്നും, കണ്ണിലെ പ്രധാന കരടാണ്.ജനങ്ങളാണ് അദ്ദേഹത്തിന്റെ കരുത്ത്. അവരെയും പാർട്ടിയെയും മാത്രമാണ് പേടിയുള്ളത്. തന്നെത്തേടിയെത്തുന്ന ആവശ്യക്കാർക്ക് രാഷ്ട്രീയം നോക്കാതെ സഹായം ചെയ്തു നൽകാനും അദ്ദേഹം മടികാട്ടാറില്ല. പുറത്തുള്ളവർ എന്തു പറഞ്ഞാലും ഇടുക്കിക്കാർക്ക് അതും അറിയാം. അവരുടെ അനുഭവമാണത്. പ്രതിസന്ധി ഘട്ടങ്ങളിൽ തോട്ടം തൊഴിലാളികളുടെയും കുടിയേറ്റകർഷകന്റെയും സാധാരണക്കാരുടെയും എല്ലാം ഒപ്പം നിന്ന സമരനായകനാണ് അദ്ദേഹം.അതായത്, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് അവർക്കൊപ്പം നിന്ന് അവരുടെ നേതാവായ സാധാരണക്കാരൻ. അതാണ് മണിയാശാൻ.

മൂന്നാം ക്‌ളാസ്സുകാരൻ, കാട്ടു കുരങ്ങു…. തുടങ്ങിയ മനുഷ്യത്വവിരുദ്ധമായ പരിഹാസങ്ങളോടെയാണ് എം എം മണിയുടെ മന്ത്രിപദത്തെ പലരും വരവേറ്റിരുന്നത്. അദ്ദേഹത്തിന്റെ നിറത്തെ അപഹസിച്ച ഒരു എം.എൽ.എ, ഇപ്പോഴും പ്രതിപക്ഷ നിരയിലുണ്ട്. ഇദ്ദേഹം ഉൾപ്പെടെയാണ് രമയ്ക്ക് എതിരായ വിവാദ പരാമർശത്തിൽ എം.എം മണിക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. പരിഹാസ്യമായ നിലപാടു തന്നെയാണിത്. അതെന്തായാലും പറയാതിരിക്കാൻ വയ്യ . . .

EXPRESS KERALA VI

Top