ശബരിമല; കോടതി വിധി സ്വാഗതാര്‍ഹമെന്ന് എം.എം മണി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിനെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധിയില്‍ വിധി സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി എം എം മണി. എന്നാല്‍ യുവതീപ്രവേശം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി അതും സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കി.

വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ സാധാരണ ശബരിമലയില്‍ പോവാറില്ലെന്നും എന്നാല്‍ അല്ലാത്തവര്‍ ദര്‍ശനത്തിന് എത്തിയാല്‍ വിധിയുടെ അടിസ്ഥാനത്തില്‍ നിലപാട് എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ശബരിമലയിലെ യുവതീപ്രവേശനം പുനപരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിന് വിട്ട സുപ്രീംകോടതി മുന്‍വിധി സ്റ്റേ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ വിശാല ബഞ്ച് പരിഗണിക്കും വരെ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതിയുടെ മുന്‍വിധിയില്‍ മാറ്റമുണ്ടാകില്ല. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി, വിധി പുനപരിശോധിക്കാന്‍ വിശാല ബഞ്ചിന് വിട്ടത്.

ശബരിമല കേസിലെ യുവതീപ്രവേശനം അനുവദിക്കുന്നതും മുസ്ലീംപള്ളികളിലും പാഴ്സി ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതും അടക്കം കേസുകളെല്ലാം ഒരൊറ്റ ബെഞ്ചിലേക്ക് വിട്ടു കൊണ്ട് ലിംഗ ഭേദമന്യേ രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലും എല്ലാവര്‍ക്കും പ്രവേശിക്കാമോ എന്ന കാര്യത്തില്‍ ഒരൊറ്റ വിധിയാണ് ഇനി വരാന്‍ പോകുന്നത്. സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ഉള്‍പ്പെടുന്ന വിശാലമായ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത് എന്നതിനാല്‍ വരാനിരിക്കുന്ന വിധി അതീവപ്രാധാന്യമുള്ളതാണ്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എ.എം. ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. എന്നാല്‍ ആര്‍.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. അന്‍പത്തിയാറ് പുനഃപരിശോധനാ ഹര്‍ജികള്‍ അടക്കം അറുപത് ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടനാ ബഞ്ച് പരിഗണിച്ചത്.

Top