എം ജി സുരേഷ് കുമാറിന് പിഴയിട്ടത് മര്യാദയില്ലാത്ത നടപടി: എം എം മണി

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം ജി സുരേഷ് കുമാറിന് പിഴയിട്ടത് മര്യാദയില്ലാത്ത നടപടിയെന്ന് മുൻ വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. സംഘടനാ നേതാവ് ആയതുകൊണ്ട് മനപൂർവം സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണിതെന്നും താൻ മന്ത്രിയായിരുന്ന കാലത്ത് ബോർഡും സർക്കാരും പ്രത്യേകം വാഹനങ്ങൾ അനുവദിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് വാഹന ഉപയോഗവുമായി ബന്ധപ്പെട്ട് പരാതിയില്ലെന്നും എം എം മണി കൂട്ടിച്ചേർത്തു.

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം ജി സുരേഷ് കുമാർ, 6,72,560 രൂപ പിഴയടക്കണമെന്നാവശ്യപ്പെട്ട് ചെയർമാൻ നോട്ടീസ് നൽകിയതിനെയാണ് എം എം മണി വിമർശിച്ചത്. പ്രസിഡൻറ് എം ജി സുരേഷ് കുമാർ 21 ദിവസത്തിനകം 6,72,560 രൂപ ബോർഡിലടക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. വൈദ്യുതി മന്ത്രിയുടെ സ്റ്റാഫായി പ്രവർത്തിച്ചപ്പോൾ, കെഎസ്ഇബിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനാണ് നടപടി. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും, വ്യക്തിഹത്യയാണ് ചെയർമാൻറെ ലക്ഷ്യമെന്നും സുരേഷ് കുമാർ പ്രതികരിച്ചു.

Top