ഉടുമ്പന്‍ചോലയിലെ കള്ളവോട്ട് ആരോപണം; ഡി.സി.സി പ്രസിഡന്റിന് സ്വബോധമില്ലെന്ന് എം.എം മണി

തൊടുപുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം ഉടുമ്പന്‍ ചോലയില്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണം നിഷേധിച്ച് മന്ത്രി എം.എം മണി. ഇടുക്കിയില്‍ സി.പി.എം കള്ള വോട്ട് ചെയ്തെന്ന ആരോപണം തെറ്റാണെന്നും ആരോപണം തെളിയിക്കാന്‍ യു.ഡി.എഫിനെ വെല്ലുവിളിക്കുന്നുവെന്നും എം.എം മണി പറഞ്ഞു. സി.പി.എം കള്ളവോട്ട് ചെയ്തെന്ന് പറഞ്ഞ ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ സ്വബോധമില്ലാതെ സംസാരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എം.എം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ രണ്ട് ബൂത്തുകളില്‍ വോട്ടു ചെയ്തെന്നാണ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ പരാതി. വോട്ടിംഗിലെ ക്രമക്കേടു ചൂണ്ടിക്കാട്ടി അദ്ദേഹം ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയിരുന്നു.

Top