ഗാന്ധിവധം ആഘോഷമാക്കിയവര്‍ മനുഷ്യന്മാര്‍ തന്നെയാണോ; ഹിന്ദു മഹാസഭയ്‌ക്കെതിരെ എം.എം മണി

തിരുവനന്തപുരം:ഗാന്ധിവധം പുനരാവിഷ്‌കരിച്ച ഹിന്ദു മഹാസഭയ്‌ക്കെതിരെ വിമര്‍ശനവുമായി മന്ത്രി എം.എം. മണി രംഗത്ത്. ഇത്ര നികൃഷ്ടമായി പെരുമാറുന്ന ഇവര്‍ മനുഷ്യന്മാര്‍ തന്നെയാണോ എന്ന ചോദ്യമാണ് മന്ത്രി ഫേസ്ബുക്കിലൂടെ ഉന്നയിച്ചത്.

ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഒരു കൂസലുമില്ലാതെ പരസ്യമായി ഇങ്ങനെ ചെയ്യാന്‍ ഇവര്‍ക്ക് കഴിഞ്ഞത് മോദിയാണ് രാജ്യം ഭരിക്കുന്നതെന്ന ഹുങ്കാണോ എന്നും മന്ത്രി ചോദിച്ചു. ഗുജറാത്തിലെ ചോരക്കറ ഇപ്പോഴും പേറുന്ന മോദിയുടെ അനുയായികള്‍ ഇത് കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും മണി ഫേസ്ബുക്കിലൂടെ ചോദിച്ചു.

ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഹിന്ദുമഹാസഭ ചെയ്ത പ്രവര്‍ത്തി ഞെട്ടലോടെയാണ് രാജ്യം നോക്കിക്കണ്ടത്. സംഘടനയുടെ ദേശീയ സെക്രട്ടറി പൂജാശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ ചിത്രത്തിന് നേര്‍ക്ക് നിറയൊഴിച്ചത്. ഈ സംഭവത്തില്‍ നിരവധി പ്രമുഖര്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്.

Top