M M Hassan don’t threaten to DGP Jacob Thomas

  • കെപിസിസി വൈസ് പ്രസിഡന്റ് എം.എം ഹസ്സന്‍ താനിരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കിവേണം വായ തുറക്കാന്‍.

    സംസ്ഥാനത്തെ ഐപിഎസ് ഓഫീസര്‍മാരില്‍ രണ്ടാമനായ ഡിജിപി ജേക്കബ് തോമസിനെതിരെ അഴിമതി ആരോപണമുന്നയിക്കുകയും ചെകുത്താന്‍ വേദമോതുന്നതുപോലെയാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങളെന്ന് ആക്ഷേപിക്കുകയും ചെയ്ത എം.എം ഹസ്സന്‍ ആദ്യം സ്വന്തം നിലപാടുകള്‍ വിലയിരുത്തിയിട്ട് മതി മറ്റുള്ളവരെ വിമര്‍ശിക്കാന്‍.

    എ.കെ ആന്റണിയുടെ നിഴല്‍പറ്റി കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനമലങ്കരിക്കുന്ന താങ്കള്‍ കെപിസിസി പ്രസിഡന്റിനെതിരെ വായ തുറന്ന് പുലമ്പിയ കാര്യങ്ങള്‍ ഒന്നും ആരും മറന്നിട്ടില്ല. സ്വന്തം പാര്‍ട്ടി പ്രസിഡന്റിനെ അധിക്ഷേപിക്കാന്‍ ‘ധൈര്യം’ കാണിച്ച താങ്കള്‍ സത്യസന്ധമായി ജോലി ചെയ്ത ജേക്കബ് തോമസിനെതിരെ രംഗത്ത് വന്നതില്‍ അത്ഭുതവുമില്ല.

    കെടിഡിഎഫ്‌സി മാനേജിംഗ് ഡയറക്ടറും പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനുമായിരുന്ന കാലത്ത് ജേക്കബ് തോമസ് നടത്തിയ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് ധനകാര്യവകുപ്പും വിജിലന്‍സും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് താങ്കള്‍ വെളിപ്പെടുത്തിയത്.

    ജേക്കബ് തോമസ് നിയമനടപടി സ്വീകരിക്കാന്‍ അനുമതി തേടിയ മുഖ്യമന്ത്രി തന്നെയാണല്ലോ ഇപ്പോള്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഫയര്‍ഫോഴ്‌സില്‍ നിന്നും അദ്ദേഹത്തെ തെറുപ്പിക്കുന്നതിന് നിര്‍ണ്ണായക പങ്ക് വഹിച്ച രമേശ് ചെന്നിത്തലയാണ് ഇപ്പോള്‍ ആഭ്യന്തര-വിജിലന്‍സ് മന്ത്രിയും. അവര്‍ രണ്ട് പേരും താങ്കളുമെല്ലാം ഉത്സാഹിച്ച് അന്വേഷിച്ചാല്‍ അതിന്റെ ഫലമെന്താണെന്ന് ഊഹിക്കാവുന്നതേയുള്ളു.

    വാ തുറന്ന് അധിക്ഷേപിച്ചതിനും കള്ളം പറഞ്ഞതിനുമാണ് താങ്കളുടെ നേതാവ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ നിയമനടപടിയുമായി ജേക്കബ് തോമസ് രംഗത്തിറങ്ങിയത്.

    നിങ്ങളുടെയെല്ലാം ഓലപ്പാമ്പ് കണ്ട് പേടിക്കുന്ന ഒരു ചരിത്രം അദ്ദേഹത്തിന്റെ സര്‍വ്വീസ് ചരിത്രത്തില്‍ തന്നെയില്ല. നിയമ നടപടി ഭയന്ന് ജേക്കബ് തോമസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടില്ലെന്ന് നിയമസഭയില്‍ മലക്കം മറിഞ്ഞ മുഖ്യമന്ത്രി തന്നെ, പാര്‍ട്ടിയിലെ ശിങ്കിടികളെക്കൊണ്ട് ജേക്കബ് തോമസിനെ അധിക്ഷേപിക്കുകയാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകും.

    ജേക്കബ് തോമസ് അഴിമതി നടത്തിയെന്ന നിങ്ങളുടെ ആക്ഷേപം ഒരു വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെ എന്തുകൊണ്ട് നിങ്ങള്‍ മുമ്പ് നടപടി സ്വീകരിച്ചില്ലായെന്ന ചോദ്യത്തിന് മറുപടി പറയണം. ജേക്കബ് തോമസിന്റെ ‘അഴിമതി’യേക്കുറിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കാന്‍ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയപ്പോള്‍ മാത്രമാണോ നിങ്ങള്‍ക്ക് വെളിപാടുണ്ടായത് ?

    മേലില്‍ എം.എം ഹസ്സനും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെല്ലാം തീരുമാനിക്കുന്നതിന്റെ അപ്പുറത്തേക്ക് ഒരു ഐ.പിഎസുകാരനും ഒരടി മുന്നോട്ട് വയ്ക്കരുതെന്ന ഭീഷണിയാണോ ജേക്കബ് തോമിസനെതിരായ നീക്കത്തിലൂടെ നിങ്ങള്‍ ഉദ്ദേശിക്കുന്നത്…?

    മോഹങ്ങള്‍ നല്ലതാണ്. പക്ഷേ അതിമോഹമരുത്. അത് ആപത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും.

    താങ്കള്‍ മന്ത്രിയായിരുന്ന കാലഘട്ടത്തിലെ പ്രവര്‍ത്തികളും താങ്കളുടെ ബന്ധു നടത്തുന്ന തിരുവനന്തപുരത്തെ പ്രധാന ഹോസ്പിറ്റലിലെ ദുരൂഹ മരണവും ചില ‘ഇടപാടുകളുമെല്ലാം’ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കിയാല്‍ ചെന്നെത്തുക എവിടേക്കാണെന്ന് ഊഹിക്കാവുന്നതേയുള്ളു. അതുകൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുത്.

    ഈ സര്‍ക്കാരിന് ആറ് മാസം പോലും ഇനി പ്രവര്‍ത്തന കാലയളവ് ഇല്ലയെന്നതിനാല്‍ പോകുന്നതിന് മുന്‍പ് ജേക്കബ് തോമസിന് ഒരു ‘പണി’ കൊടുക്കാമെന്നാണ് ഉദ്ദേശമെങ്കില്‍ വരും വരായ്കകള്‍ കൂടി ആലോചിക്കുന്നത് നല്ലതാണ്. അഴിമതിക്കാരും ക്രിമിനലുകളും വാലാട്ടികളുമായ ഉദ്യോഗസ്ഥരെ കണ്ട് വളര്‍ന്നവര്‍ ശരിയായ പൊലീസിനെ കാണുമ്പോള്‍ ‘മുള്ളിപ്പോകുമെന്നത് ‘ ഓര്‍ക്കുന്നത് നല്ലതാണ്.

    ബിജു രാധാകൃഷ്ണന്‍ ‘സി.ഡി കഥ’ മാറ്റിവച്ചാല്‍ മുഖ്യമന്ത്രിയേയും പല മന്ത്രിമാരേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിരവധി ആക്ഷേപങ്ങളും പരാതികളും ഇപ്പോള്‍ തന്നെ സംസ്ഥാനത്തുണ്ട്. ഭരണം മാറിയാല്‍ മാത്രമല്ല ഭരണം മാറിയില്ലെങ്കില്‍ പോലും നിങ്ങള്‍ ആശങ്കപ്പെടേണ്ട ചില കാര്യങ്ങളുണ്ട്. കാരണം സിബിഐ അടക്കമുള്ള രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സികളുടെ തലപ്പത്തും നിങ്ങള്‍ അപമാനിച്ച ജേക്കബ് തോമസിന്റേയും ലോക് നാഥ് ബെഹ്‌റയുടേയും ഋഷിരാജ് സിങ്ങിന്റേയുമെല്ലാം ബാച്ച്‌മേറ്റ്‌സ് ആണുള്ളത്.

    സിബിഐയുടെ കൈയില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ഏതെങ്കിലും ഒന്ന് കോടതി ഇടപെടല്‍ വഴിയെത്തിയാല്‍, അതിന്റെ പുറത്ത് സത്യസന്ധമായ ഒരന്വേഷണം നടന്നാല്‍ കാര്യങ്ങള്‍ എവിടെ ചെന്നെത്തുമെന്നത് അറിയാമല്ലോ?

    ബാര്‍ കേസില്‍ വിജിലന്‍സ് തുടരന്വേഷണം സ്‌റ്റേ ചെയ്തതിനെതിരെ ഹൈക്കോടതിയില്‍ പോയി പ്രഹരമേറ്റതുപോലെ, സര്‍ക്കാരിനും നേതാക്കള്‍ക്കും മേലെ തൂങ്ങി നില്‍ക്കുന്ന ഏത് ആരോപണവും പരാതിയും എപ്പോള്‍ വേണമെങ്കുലും ഒരു സിബിഐ അന്വേഷണത്തിന് വഴിയൊരുക്കിയേക്കാം…

    കോണ്‍ഗ്രസ് നേതാവായ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സിബിഐ അറസ്റ്റ് ഭയന്ന് കഴിയുന്ന നിലവിലെ സാഹചര്യവും ഓര്‍ക്കുന്നത് നല്ലതാണ്. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തു എന്നതല്ലാതെ ജേക്കബ് തോമസ് ഒരു തെറ്റും ചെയ്തിട്ടില്ല.

    സംസ്ഥാന പൊലീസിലെ രണ്ടാമനായ അദ്ദേഹത്തിന് അര്‍ഹതപ്പെട്ട വിജിലന്‍സ് ഡയറക്ടര്‍ പദം നല്‍കിയില്ലെന്ന് മാത്രമല്ല സുഹൃത്തുക്കളായ ലോക്‌നാഥ് ബെഹ്‌റ,ഋഷിരാജ് സിങ്ങ് എന്നീ ഡിജിപിമാര്‍ക്കും തന്ത്ര പ്രധാനമായ ആ പദവി നിഷേധിച്ചു.

    ഉന്നത സ്ഥാന മാനങ്ങള്‍ കിട്ടാത്തതാണ് ജേക്കബ് തോമസിന്റെ പ്രശ്‌നമെന്ന് നിങ്ങള്‍ പറയുമ്പോള്‍ ഒരു കാര്യം ആലോചിക്കുക. നട്ടെല്ല് വളച്ച് കൊടുക്കാമായിരുന്നെങ്കില്‍ എത്രയോ മുമ്പ് തന്നെ തന്ത്രപ്രധാനമായ സ്ഥാനങ്ങള്‍ അദ്ദേഹത്തെ തേടി വരുമായിരുന്നു എന്ന്, ഏറ്റവും കൂടുതല്‍ അറിയമായിരുന്നതും അദ്ദേഹത്തിന് തന്നെയായിരുന്നല്ലോ ? എന്നിട്ടും തല ഉയര്‍ത്തി നിന്ന അദ്ദേഹത്തിന്റെ ധീരതക്കും ചങ്കൂറ്റത്തിനുമാണ് ഇപ്പോള്‍ കേരളത്തിലെ പൊതു സമൂഹം സല്യൂട്ട് ചെയ്യുന്നത്.

    സര്‍വ്വീസില്‍ കയറുന്ന നാള്‍ മുതല്‍ എത്ര സമ്പാദിക്കാം, ഏതൊക്കെ തസ്തികകകളില്‍ ഇരിക്കാം എന്നൊക്കെ കണക്കുകൂട്ടി, രാഷ്ട്രീയ നേതാക്കളുടെ പിന്നാലെ പോകുന്ന ഉദ്യോഗസ്ഥരുടെ ഗണത്തില്‍ ജേക്കബ് തോമസ് പെടുന്നില്ല. ഈ ഒറ്റക്കാരണത്താല്‍ തന്നെയാണ് ഞങ്ങള്‍ക്കും ഇപ്പോള്‍ ഇങ്ങനെ പ്രതികരിക്കേണ്ടി വന്നത്.

    ഒരു കാര്യം മാത്രം ഓര്‍മ്മിപ്പിച്ച് അവസാനിപ്പിക്കുന്നു. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുരുക്കി ഒതുക്കിക്കളയുന്നതുപോലെ സത്യസന്ധരായ ഐപിഎസുകാരെ കുരുക്കാന്‍ നോക്കരുത്. അത് വലിയ പ്രത്യാഘാതം ക്ഷണിച്ചുവരുത്തും.

    Team Express Kerala

  • Top