M M Hassan Criticize Jacob Thomas

തിരുവനന്തപുരം: അഴിമതിക്കെതിരെ ഡി.ജി.പി ജേക്കബ് തോമസ് പറയുന്ന കാര്യങ്ങള്‍ ചെകുത്താന്‍ വേദമോതുന്നതുപോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍.

അദ്ദേഹം കുറ്റമറ്റ ഉദ്യോഗസ്ഥനല്ലെന്ന് കഴിഞ്ഞ ദിവസം ഡി.ജി.പി ടി.പി സെന്‍കുമാര്‍ പറഞ്ഞിരുന്നുവെന്നും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എം.ഡി ആയിരുന്ന കാലത്ത് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ അദ്ദേഹം എടുത്ത നിലപാടുകള്‍ ഇതിലേക്ക് വിരല്‍ചൂണ്ടുന്നതാണെന്നും ഹസ്സന്‍ പറഞ്ഞു.

കെ.ടി.ഡി.എഫ്.സി മാനേജിങ് ഡയറക്ടറും പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനും ആയിരുന്ന സമയത്ത് അദ്ദേഹം നടത്തിയ വഴിവിട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും ധനകാര്യവകുപ്പും വിജിലന്‍സും അന്വേഷിച്ചുവരികയാണെന്നും ഹസന്‍ ആരോപിച്ചു.

അഴിമതിക്കെതിരെ സംസാരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയമാണെന്നും അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ മാനസിക രോഗികളായി മുദ്രകുത്തുകയാണെന്നും ജേക്കബ് തോമസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Top