ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ പാര്‍ട്ടി പരിപാടിയാണെങ്കിലും പങ്കെടുക്കില്ല ;എം.കെ. സ്റ്റാലിന്‍

stalins

ചെന്നൈ : ബാനറുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചാല്‍ പാര്‍ട്ടി പരിപാടിയാണെങ്കിലും പങ്കെടുക്കില്ലെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍. റോഡരികിലെ ഫ്‌ളക്‌സ് ബോര്‍ഡ് വാഹനത്തിലേക്കു വീണു യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തുടങ്ങിയവ പാര്‍ട്ടി പരിപാടികളില്‍, വിവാഹാഘോഷങ്ങള്‍ എന്നിവയില്‍ ഒഴിവാക്കണം. അല്ലാത്തപക്ഷം ആ പരിപാടികളില്‍ പങ്കെടുക്കില്ലെന്നു മാത്രമല്ല പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കുമെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ റോഡിലെ ഫ്‌ളക്‌സ് വീണ് ചെന്നൈ സ്വദേശിനിയായ ശുഭശ്രീ എന്ന സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ മരിച്ചിരുന്നു. ഡിവൈഡറില്‍ സ്ഥാപിച്ചിരുന്ന എഡിഎംകെ നേതാവിന്റെ മകന്റെ വിവാഹ പരസ്യം പതിച്ച ബോര്‍ഡ് മറിഞ്ഞു വീണതിനെ തുടര്‍ന്ന് യുവതിയുടെ വാഹനത്തിനു നിയന്ത്രണം നഷ്ടമായി. ഇതേതുടര്‍ന്നു വാഹനം പിന്നാലെ വന്ന ടാങ്കര്‍ ലോറിക്ക് അടിയിലേക്കു വീണു. ഗുരുതരമായി പരിക്കേറ്റ ശുഭശ്രീയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top