ഗുജറാത്ത് കലാപം രാജ്യം മറന്നിട്ടില്ല, ക്രൂരതയില്‍ ബിജെപിയ്ക്ക് റെക്കോര്‍ഡ്; എം കെ സ്റ്റാലിന്‍

ചെന്നൈ: ഗുജറാത്ത് കലാപം രാജ്യത്തെ ജനങ്ങള്‍ മറക്കില്ലെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ഉങ്കള്‍ തോഗുദിയില്‍ സ്റ്റാലിന്‍ ( നിങ്ങളുടെ മണ്ഡലത്തില്‍ സ്റ്റാലിന്‍) എന്ന പരിപാടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2002 ലെ ഗുജറാത്ത് കലാപം രാജ്യം മറന്നിട്ടില്ല. ഗൂഢാലോചനയിലും ക്രൂരതയിലും ബി.ജെ.പി റെക്കോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഗുജറാത്തില്‍ നിന്നും ഡല്‍ഹിയിലെത്തിയപ്പോള്‍ മോദിക്ക് ഇതെല്ലം എങ്ങനെ മറക്കാന്‍ സാധിക്കും? ‘ സ്റ്റാലിന്‍ ചോദിച്ചു

തന്റെ പാര്‍ട്ടിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും പ്രധാനമന്ത്രി വിട്ടു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെയും പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെയും ക്രൂരമായ അക്രമം അഴിച്ചുവിട്ടത് പ്രധാനമന്ത്രി മറന്നോയെന്നും സ്റ്റാലിന്‍ ചോദിച്ചു.

തമിഴ്നാട്ടിലും പുതുച്ചേരിയിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ബി.ജെ.പിയിലേക്ക് പോകുന്നത്. അടുത്ത കാലത്ത് പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ പശ്ചാത്തലം കേന്ദ്ര ഏജന്‍സികളെ വെച്ച് അന്വേഷിക്കുന്നത് മോദിക്ക് നല്ലതാണ്. രാജ്യത്തെ നടുക്കിയ ഗുജറാത്ത് വംശഹത്യയുടെ വാര്‍ഷികം കൂടിയാണ് ഇന്ന് എന്നും സ്റ്റാലിന്‍ ഓര്‍മ്മപ്പെടുത്തി.

Top