സിപിഎം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നു; ആരോപണവുമായി എം കെ രാഘവന്‍

m k raghavan

കോഴിക്കോട്: വോട്ടര്‍മാരെ സി.പി.എം ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍.

വിവിപാറ്റ് സംവിധാനത്തെ പരിചയപ്പെടുത്തുന്നതിന്റെ മറവില്‍ യു.ഡി.എഫിന് വോട്ട് ചെയ്യുന്നവരെ തിരിച്ചറിയാനാകുമെന്ന് സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നതായി അദ്ദേഹം ആരോപിച്ചു. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടി എം.കെ രാഘവന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കി.

കുടുംബശ്രീയിലും തൊഴിലുറപ്പ് പദ്ധതിയിലും പ്രവര്‍ത്തിക്കുന്നവരെ സി.പി.എം ഭീഷണിപ്പെടുത്തിയെന്ന രാഘവന്‍ പരാതിയില്‍ പറയുന്നു. ആര്‍ക്ക് വോട്ട് ചെയ്താലും വിവിപാറ്റില്‍ നിന്നും മനസിലാക്കാന്‍ കഴിയുമെന്നും, യു.ഡി.എഫിന് വോട്ട് ചെയ്താല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നുമാണ് സിപിഎം ഭീഷണി എന്ന് എം കെ രാഘവന്‍ ആരോപിച്ചു.

പരാജയ ഭീതിയെ തുടര്‍ന്നാണ് വിവിപാറ്റിന്റെ പേരില്‍ സി.പി.എം വ്യാജ പ്രചാരണം നടത്തുന്നതെന്നും രാഘവന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന നിലപാടിലാണ് എല്‍.ഡി.എഫ് നേതൃത്വം.

Top