കോൺഗ്രസ്സ് ഹൈക്കമാന്റ് ഒഴുക്കിയത് കള്ളപ്പണമോ ? അന്വേഷണം അനിവാര്യം

വ്യക്തിപരമായി എം.കെ രാഘവന്‍ എന്ന നേതാവിന് പൊതുസമൂഹത്തിലുള്ള ഇമേജാണ് അദ്ദേഹത്തെ എം.പിയാക്കിയത്. കോണ്‍ഗ്രസ്സിന്റെ സംഘടനാപരമായ കരുത്തോ, സ്വാധീനമോ അല്ല കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ നിര്‍ണ്ണായകമായിരുന്നത്. ഇക്കാര്യം നന്നായി അറിയാവുന്നതും കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ്.

പൊതു സമൂഹത്തിലുള്ള രാഘവന്റെ ഈ പ്രതിച്ഛായക്കാണ് ഇപ്പോള്‍ കോട്ടം തട്ടിയിരിക്കുന്നത്. കൈകൂലി ആവശ്യപ്പെട്ടതായ ദൃശ്യം നിഷേധിക്കേണ്ട ബാധ്യത രാഘവനുണ്ടാകും. പക്ഷേ അത് പൊതു സമൂഹം അപ്പടി വിഴുങ്ങും എന്ന് കരുതരുത്. പുറത്ത് വന്ന ദൃശ്യങ്ങള്‍ ഒറിജിനലാണെന്ന് വിദഗ്ദര്‍ പറയുകയും ദൃശ്യം പുറത്ത് വിട്ട ചാനല്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നുണ്ട്.

അഞ്ചു കോടി രൂപ കോഴ കൈപ്പറ്റാന്‍ സന്നദ്ധത അറിയിക്കുന്ന വീഡിയോയിലെ ശബ്ദം ഡബ്ബുചെയ്തതാണെന്ന കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി എംകെ രാഘവന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ടിവി 9 ഗ്രൂപ്പ് എഡിറ്റര്‍ വിനോദ് കാപ്രി വ്യക്തമാക്കിക്കഴിഞ്ഞു. വീഡിയോ ദൃശ്യം ശാസ്ത്രീയ പരിശോധനയ്ക്ക് നല്‍കാന്‍ ഒരുക്കമാണെന്നും ടിവി9 ഭാരത് വര്‍ഷ് ചാനല്‍ അറിയിച്ചിട്ടുണ്ട്.

ഗൂഢാലോചന ഈ ഹിഡന്‍ ഓപ്പറേഷന് പിന്നില്‍ ഉണ്ടെന്നാണ് രാഘവന്റെ അവകാശവാദം. അത് സി.പി.എം ആണെന്നും രാഘവനും കോണ്‍ഗ്രസ്സും ആരോപിക്കുന്നു. വിചിത്രമായ ആക്ഷേപം ആണിത്. വിവാദ ദൃശ്യം പുറത്ത് വിട്ട ടി.വി 9, ആന്ധ്രയിലെ പ്രധാനപ്പെട്ട ഒരു വാര്‍ത്താ ചാനലാണ്. രാഘവന്‍ മാത്രമല്ല മറ്റു പാര്‍ട്ടികളിലെയും നിരവധി എം.പിമാര്‍ ഇവരുടെ ഹിഡന്‍ ഓപ്പറേഷനില്‍ കുടുങ്ങിയിട്ടുണ്ട്. ഇനി അതും സി.പി.എമ്മിനു വേണ്ടി ചെയ്തതാണോ ? കോണ്‍ഗ്രസ്സ് നേതൃത്വമാണ് ഈ ചോദ്യത്തിന് മറുപടി നല്‍കേണ്ടത്.

ഇത്രയും ഗുരുതരമായ ഒരു ആരോപണം രാഘവനെതിരെ ഉയര്‍ന്നപ്പോള്‍ സ്ഥാനാര്‍ത്ഥിയെ മാറ്റി മറ്റൊരാളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായിരുന്നു എങ്കില്‍ അതിന് ഒരു അന്തസ്സ് ഉണ്ടാകുമായിരുന്നു.

ഇപ്പോള്‍ പരാതിയും കേസുമൊക്കെയായി ആകെ അവിയല്‍ പരുവത്തില്‍ ആയി നാണക്കേടായിരിക്കുകയാണ് രാഘവന്റെ സ്ഥാനാര്‍ത്ഥിത്വം. ഇനി അന്വേഷണ റിപ്പോര്‍ട്ടും അതിന്‍മേലുള്ള തീരുമാനവും നിയമ നടപടിയുമൊക്കെയായി ഒരു നിയമയുദ്ധം തന്നെ ഇക്കാര്യത്തില്‍ നടക്കും. തിരഞ്ഞെടുപ്പിന് മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഘവനെ അയോഗ്യനാക്കിയാല്‍ ഡമ്മി സ്ഥാനാര്‍ത്ഥിയെ വച്ച് കോണ്‍ഗ്രസ്സിന് മത്സരിക്കേണ്ടിയും വരും. അല്ലെങ്കില്‍ ഈ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തന്നെ ഒരു പക്ഷേ മാറ്റി വയ്ക്കാനും സാധ്യത ഉണ്ട്. എന്ത് വന്നാലും ഇക്കാര്യത്തില്‍ നഷ്ടം കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും തന്നെയാണ്.

രാഘവന്‍ അല്ലാതെ മറ്റാര് തന്നെ മത്സരിച്ചാലും കോഴിക്കോട് മണ്ഡലം കൈവിടുമെന്ന് കണ്ടാണ് രാഘവ പരീക്ഷണത്തിന് കോണ്‍ഗ്രസ്സ് നിര്‍ബന്ധിക്കപ്പെടുന്നത്. രാഹുല്‍ തരംഗത്തില്‍ രാഘവനും കടന്നു കൂടുമെന്നാണ് പ്രതീക്ഷയെങ്കില്‍ അത് ഇനി അതിമോഹമാകും. മലയാളിയുടെ പൊതുബോധത്തെ കോണ്‍ഗ്രസ്സ് ചോദ്യം ചെയ്യരുത്.

ഹിഡന്‍ ക്യാമറക്ക് മുന്നില്‍ രാഘവന്‍ പറഞ്ഞത് ഗുരുതരമായ കാര്യമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഹൈക്കമാന്റ് ഓരോ സ്ഥാനാര്‍ത്ഥിക്കും നല്‍കുന്ന തുകയുടെ കണക്കും അതില്‍പ്പെടും ? രാജ്യത്തെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും നല്‍കാന്‍ ഇത്രമാത്രം പണം എവിടെ നിന്നും കിട്ടി ? ആരൊക്കെയാണ് നല്‍കുന്നത് ? അവര്‍ക്ക് പകരം നല്‍കുന്ന സഹായം എന്തൊക്കെയാണ് ? ഇതെല്ലാം അറിയാന്‍ രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ട്. കള്ളപ്പണ്ണ ഇടപാട് തന്നെ നിയമവിരുദ്ധ പ്രവര്‍ത്തിയാണ്. ഹോട്ടല്‍ സ്ഥാപിക്കാന്‍ 5 കോടി കൈക്കൂലി ചോദിച്ചതിലും ഗുരുതരമാണ് രാഘവന്‍ മൊഴിഞ്ഞ മറ്റ് കാര്യങ്ങള്‍.

ദൃശ്യത്തില്‍ താന്‍ തന്നെയാണെന്ന് പറഞ്ഞ രാഘവന്‍, കൃത്രിമമായി ശബ്ദം തിരുകി കയറ്റിയതാണെന്നാണ് അവകാശപ്പെടുന്നത്. പുറത്ത് വന്ന ദൃശ്യം എഡിറ്റ് ചെയ്തതാണെന്ന് സമ്മതിച്ചാല്‍ തന്നെ ശബ്ദത്തില്‍ ഒരു മാറ്റവും ഇല്ലെന്ന് ഡബിംഗ് വിദഗ്ദനായ ഷമ്മി തിലകന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നതും നിസാരമായി കാണാന്‍ കഴിയില്ല. ഫോറന്‍സിക് ലാബില്‍ അയച്ച് വിദഗ്ദ പരിശോധന നടത്തുന്നതോടെ ഇക്കാര്യത്തിലും സ്ഥിതീകരണമാകും. അത് എപ്പോള്‍ ? എന്ന് ? എന്നതാണ് ഇവിടുത്തെ വിഷയം.

വെളിപ്പെടുത്തലിനെതിരെ ഇടതുപക്ഷവും ഗൂഢാലോചനക്കെതിരെ രാഘവനും നല്‍കിയ പരാതി പൊലീസ് അന്വേഷിച്ച് വരികയാണ്. ചാനലില്‍ നിന്നും ഒറിജിനല്‍ ദൃശ്യവും ശബ്ദവും ശേഖരിച്ച് ലാബില്‍ കൊടുത്താല്‍ തന്നെ റിസള്‍ട്ട് എന്ന് വരും എന്ന കാര്യത്തിലും ആശങ്കയുണ്ട്. എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കോഴിക്കോട്ടെ കാര്യത്തില്‍ ചിത്രം വ്യക്തമാകൂ.

ഇവിടെ നാം ഓര്‍ക്കേണ്ട മറ്റൊരു കാര്യം ഇത്തരം ഒരു ദൃശ്യം മറ്റേതെങ്കിലും പാര്‍ട്ടി നേതാവിന് നേരെ ആയിരുന്നു എങ്കില്‍ കോണ്‍ഗ്രസ്സ് എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നതാണ്. തീര്‍ച്ചയായും ആഞ്ഞടിച്ചായിരിക്കും അവര്‍ രംഗത്ത് വരിക.

രാഷ്ട്രീയ എതിരാളികളുടെ അഴിമതി തുറന്ന് കാട്ടി പോരാടാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിക്ക് രാഘവ വിഷയത്തില്‍ എന്താണ് പറയാനുള്ളത് എന്നറിയാന്‍ ജനങ്ങള്‍ക്ക് ആകാംഷയുണ്ട്. കഴിഞ്ഞ യു.പി.എ സര്‍ക്കാറില്‍ നടത്തിയ അഴിമതിയുടെ പാപക്കറ പുരണ്ട കറന്‍സികളാണോ രാഘവന്‍ ഉള്‍പ്പെടെ മത്സരിച്ചവര്‍ക്ക് നല്‍കിയിരുന്നത് എന്നത് രാഹുല്‍ വ്യക്തമാക്കുക തന്നെ വേണം. ഈ കേസ് ശക്തമായി അന്വേഷിച്ചാല്‍ ഇവിടെ ഒന്നും നില്‍ക്കുകയില്ല. കോണ്‍ഗ്രസ്സ് ഹൈക്കമാന്റിലെ ഉന്നതരെയും ചോദ്യം ചെയ്യേണ്ടി വരും.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്ത അത്ര തുക വിനിയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പുറത്ത് വരിക തന്നെ വേണം. ഒപ്പം ഈ ലോകസഭ തിരഞ്ഞെടുപ്പില്‍ നടക്കുന്ന പണമിടപാടുകളും നിരീക്ഷിക്കേണ്ടതുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പ് നടക്കുന്ന രാജ്യത്ത് കണക്കില്‍പ്പെടാത്ത കോടികള്‍ ഒഴുകുന്നത് അതീവ ഗൗരവമുള്ള കാര്യം തന്നെയാണ്.

സാധാരണക്കാരുടെ വോട്ട് നേടി ജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുക എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് ഈ കോഴപ്പണം.

Top