എം കെ രാഘവനെതിരായ കോഴയാരോപണം; ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴയാരോപണ വിവാദത്തില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരായ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഡിജിപിക്ക് കൈമാറി. ഒളിക്യാമറ ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുമ്പ് സംഭവത്തില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് രാഘവന് രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് തിരക്കുകളുണ്ടെന്ന് കാണിച്ച് മൊഴി നല്‍കാതെ വിട്ടു നിന്ന രാഘവന്‍ ഒടുവില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയിരുന്നു. ഇത് കൂടാതെ എം കെ രാഘവന്റെ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. രാഘവനെതിരെ വിവാദം ശക്തമായ സാഹചര്യത്തിലായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്.

എം കെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ടിവി ചാനല്‍ പുറത്ത് വിട്ട ഒളിക്യാമറ ദൃശ്യങ്ങളാണ് വിവാദങ്ങള്‍ക്ക് വഴി തെളിച്ചത്. കോഴിക്കോട് ഹോട്ടല്‍ സംരംഭം തുടങ്ങുന്നതിനായി സ്ഥലം ലഭ്യമാക്കി നല്‍കാം എന്ന് വാക്ക് നല്‍കി രാഘവന്‍ അഞ്ച് കോടി ആവശ്യപ്പെട്ടെന്നാണ് ചാനല്‍ പുറത്തുവിട്ട ദൃശ്യം വെളിവാക്കുന്നത്. എന്നാല്‍ ഈ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് രാഘവന്റെ വാദം.

Top