M.K Dhamodharan issue; cpi statement

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായി എംകെ ദാമോദരന്‍ തുടരുന്നതില്‍ അതൃപ്തിയുമായി സിപിഐ. നാളെ ചേരുന്ന എല്‍ഡിഫ് യോഗത്തില്‍ ഈ പ്രശ്‌നം ഉന്നയിക്കും.

എംകെ ദാമോദരനെ ഇനിയും സംരക്ഷിക്കുന്നത് മുന്നണിക്ക് അപകടമാണെന്ന നിലപാടിലാണ് സിപിഐ. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എംകെ ദാമോദരന്‍ ഹാജരായ നടപടി മുന്നണിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയെന്നും സിപിഐ നേതൃത്വം വിലയിരുത്തുന്നു.

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ ഹാജരായതിനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് എതിര്‍പ്പുമായി സിപിഐ രംഗത്ത് എത്തിയത്.

ഏതെങ്കിലും കേസ് എടുക്കുന്നതിന് എം കെ ദാമോദരന് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും എന്തെങ്കിലും പ്രതിഫലം പറ്റിയിട്ടല്ല എം കെ ദാമോദരന്‍ ഉപദേശക സ്ഥാനത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

പ്രതിഫലമില്ലാത്ത ഈ പദവി മറ്റു കേസുകളിലും ഹാജരാകുന്നതിന് തടസമാകില്ലെന്ന് ഉറപ്പുളളതിനാലാണ് അദ്ദേഹം ഏറ്റെടുത്തതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപാദേഷ്ടാവ് അഡ്വക്കേറ്റ് എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത് വന്‍ വിവാദമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Top