എല്ലാവരും വെട്ടിനിരത്തിയിടത്ത് നിന്നും സിദ്ദിഖ് ഉയര്‍ന്നത് ഫിനിക്സ് പക്ഷിയായി !

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെ 2011-ല്‍ നിയമസഭാ സീറ്റ് നിഷേധിച്ചവരോട് വയനാട് സീറ്റ് സ്വന്തമാക്കി ടി.സിദ്ദിഖിന്റെ മധുരപ്രതികാരം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന് നിയമസഭാ സീറ്റെന്ന കീഴ്‌വഴക്കംപോലും തള്ളി, രാഹുല്‍ഗാന്ധി വിരുദ്ധനായി അവതരിപ്പിച്ചാണ് സിദ്ദിഖിന് സീറ്റ് നിഷേധിച്ചത്. അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ശക്തമായ നിലപാടെടുത്തിട്ടും രാഹുല്‍ഗാന്ധി വഴങ്ങിയിരുന്നില്ല. യൂത്ത് കോണ്‍ഗ്രസില്‍ സഹഭാരവാഹികളും മുന്‍ പ്രസിഡന്റുമാരും നിയമസഭാ സീറ്റു സ്വന്തമാക്കിയപ്പോഴും മത്സരിക്കാനാവാതെ നിറകണ്ണുകളോടെയാണ് സിദ്ദിഖ് അന്ന് ഡല്‍ഹി വിട്ടത്.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും മുന്നറിയിപ്പില്ലാതെ സിദ്ദിഖിനെ മാറ്റിയപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുകയാണെന്ന ഭീഷണി മുഴക്കിയാണ് ഉമ്മന്‍ചാണ്ടി സിദ്ദിഖിന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം തിരികെവാങ്ങി നല്‍കിയത്.

oomman chandy

2014ല്‍ കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ സീറ്റു നല്‍കിയപ്പോള്‍ സി.പി.എമ്മിനെ ഞെട്ടിച്ച് പി. കരുണാകരന്റെ ഭൂരിപക്ഷം 6,921 ആയി കുത്തനെ കുറച്ചത് സിദ്ദിഖിന്റെ പോരാട്ട വിജയമായിരുന്നു. 2016ല്‍ കുന്ദമംഗലത്തു നിന്നും നിയമസഭയിലേക്കു മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. തുടര്‍ന്ന് ഐ ഗ്രൂപ്പിന്റെ കോട്ടയായ കോഴിക്കോട്ട് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് സിദ്ദിഖിനെ ഉമ്മന്‍ചാണ്ടി നിയോഗിച്ചു. ഡി.സി.സി പ്രസിഡന്റെന്ന നിലയില്‍ ചിട്ടയായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് സിദ്ദിഖിനോടുള്ള രാഹുല്‍ഗാന്ധിയുടെ അതൃപ്തി മാറ്റിയത്.

രാഹുല്‍ഗാന്ധിയുടെ വിശ്വസ്ഥനായ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണഗോപാല്‍പോലും സ്വപ്നം കണ്ട വയനാട്ടില്‍ ഐ ഗ്രൂപ്പിനെ വെട്ടി സിദ്ദിഖിന് മത്സരിക്കാനായത് ഉമ്മന്‍ചാണ്ടിയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് തന്നെയാണ്. വയനാട് മണ്ഡലത്തില്‍ നാട്ടുകാരന്‍ എന്ന പ്രതിഛായയും സിദ്ദിഖിന് ഗുണം ചെയ്തു.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിത മണ്ഡലമാണ് വയനാട്. 2009-ല്‍ വയനാട് ലോക്‌സഭാ മണ്ഡലം രൂപീകൃതമായ ആദ്യ മത്സരത്തില്‍ എം.ഐ ഷാനവാസിനെ 1,53,439 വോട്ടിന്റെ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ലോക്‌സഭയിലെത്തിച്ച മണ്ഡലം. മത്സരിച്ച നാലു തെരഞ്ഞെടുപ്പിലും പരാജയം രുചിച്ച അന്യനാട്ടുകാരനായ ഷാനവാസിനെയാണ് കോണ്‍ഗ്രസ് കോട്ടയായ വയനാട് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചത്. മണ്ഡലത്തില്‍ സാന്നിധ്യമല്ലാതിരുന്ന ഷാനവാസിന്റെ ഭൂരിപക്ഷം പിന്നീട് കുറയുന്ന കാഴ്ചയാണ് രാഷ്ട്രീയകേരളം കണ്ടത്. 2014ല്‍, ഭൂരിപക്ഷം 20,870 ആയി കുത്തനെ കുറഞ്ഞു.

സിദ്ധിഖ് മണ്ഡലത്തിന്റെ വിജയ ചരിത്രം ആവര്‍ത്തിച്ചാല്‍ പിന്നെ അദ്ദേഹത്തിന്റെ കുത്തക സീറ്റായി അത് മാറുമെന്ന കാര്യവും ഇനി ഉറപ്പാണ്. കോണ്‍ഗ്രസ്സിലെ ഐ ഗ്രൂപ്പിനെയാണ് ഈ യാഥാര്‍ത്ഥ്യം ചങ്കിടിപ്പിക്കുന്നത്. ഷാനവാസിന്റെ വേര്‍പാടോടെ ഈ സീറ്റ് ലക്ഷ്യമിട്ട് ശക്തമായ നീക്കങ്ങളാണ് ഐ ഗ്രൂപ്പില്‍ തന്നെ നടന്നിരുന്നത്. ഈ സ്ഥാനമോഹികള്‍ ഇനി പ്രചരണ രംഗത്ത് സജീവമാകുമോ എന്നതും കണ്ടറിയേണ്ട കാര്യം തന്നെയാണ്.

കോഴിക്കോട് ഡി.സി.സി പ്രസിഡന്റായ സിദ്ദിഖ് എത്തുന്നതോടെ വയനാട്ടിലെ ഭൂരിപക്ഷവും ഉയരുമെന്ന കണക്കൂകൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. വയനാട് ജില്ലയിലെ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറത്തെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളില്‍ യു.ഡി.എഫിനാണ് മേല്‍ക്കൈ. കെ.എസ്.യു നേതാവായി കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റില്‍ തിളങ്ങിയ ടി. സിദ്ദിഖ്, പാര്‍ലമെന്റിലും കഴിവുതെളിയിക്കുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.

മികച്ച പ്രാസംഗികനും സംഘാടകനും ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയ്ക്ക് പ്രതിരോധകവചമൊരുക്കുന്ന സിദ്ദിഖ് പാര്‍ലമെന്റിലും കോണ്‍ഗ്രസിന്റെ നാവാകുമെന്ന ഉറപ്പിലാണ് അനുയായികള്‍. വയനാട്ടില്‍ ഇടതു സ്ഥാനാര്‍ത്ഥി പി.പി സുനീറാണ്. സി.പി.ഐ മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന സുനീറിന് സി.പി.എമ്മിന്റെ അതൃപ്തിയാണ് പ്രധാന ഭീഷണി.

political reporter

Top