ക്രൈസ്തവ സമുദായത്തിൽ നിന്നും വന്ന കമ്യൂണിസ്റ്റ് പോരാളി

1948 ആഗസ്ത് മൂന്നിന് മുരിക്കുംപാടം മാപ്പിളശേരി ചവര – മഗ്ദലേന ദമ്പതികളുടെ മകളായി ജനിച്ച എം സി ജോസഫൈന്‍ വിദ്യാര്‍ഥി – യുവജന – മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍, വിശാലകൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. അടിയുറച്ച പാര്‍ട്ടിക്കാരിയായിരുന്നു. എല്ലാ സാഹചര്യത്തിലും പാര്‍ട്ടിക്കൊപ്പം നിന്നു.

1978ല്‍ സിപിഎം അംഗത്വം. 1984ല്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ല്‍ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതല്‍ കേന്ദ്ര കമ്മിറ്റി അംഗം. 1996ല്‍ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) പ്രസിഡന്റുമായിരുന്നു.

അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ല്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു. 13 വര്‍ഷം അങ്കമാലി നഗരസഭാ കൗണ്‍സിലറായിരുന്നു. മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗമായി തുടരുകയായിരുന്നു.

അസംബ്ലി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജോസഫൈന്‍ ഒരു ജേതാവായിരുന്നില്ല. 1989ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ പാല കെ എം മാത്യുവിനോട് 91,479 വോട്ടിന് പരാജയപ്പെട്ടു. 2006ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മട്ടാഞ്ചേരി മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നു. അന്നും പരാജയം. 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കൊച്ചി നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡൊമനിക് പ്രസന്റേഷനോട് പരാജയപ്പെട്ടു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ല. 2017 മാര്‍ച്ച് മുതല്‍ 2021വരെ സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷയായിരുന്നു.

Top