നാടിനെ ഏറ്റുമുട്ടലിലേക്ക് നയിക്കുന്നത് വര്‍ഗീയ ശക്തികള്‍; എതിര്‍ക്കണമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ അപലപിച്ച് സ്പീക്കര്‍ എം ബി രാജേഷ്. ജനാധിപത്യ വാദികള്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ രംഗത്ത് വരണമെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര ഏറ്റുമുട്ടലിലേക്ക് നാടിനെ നയിക്കുന്നത് വര്‍ഗീയ ശക്തികളാണെന്നും സ്പീക്കര്‍ പ്രതികരിച്ചു.

ഇതിനിടെ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ളവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആലപ്പുഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കര്‍ശന പരിശോധനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡി.ജി.പിയാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും. പ്രശ്നസാധ്യതയുളള സ്ഥലങ്ങളില്‍ ആവശ്യമായ പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തും. വാറന്റ് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യുമെന്നും പൊലീസ് നേതൃത്വം വ്യക്തമാക്കി.

Top