ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ആഗസ്റ്റ് 20 ന് പരിഗണിക്കും

ന്യൂഡല്‍ഹി : ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ആഗസ്റ്റ് 20 ന് സുപ്രീംകോടതി പരിഗണിക്കും. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്കെതിരെയുള്ള ഹര്‍ജികളാണ് കോടതി പരിഗണിക്കുക. ആല്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകത്തെ തുടര്‍ന്നാണ് ഹര്‍ജികള്‍ കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

അന്നേ ദിവസം തന്നെ കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനവാല സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും. ആല്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് നേതാവ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ ശനിയാഴ്ചയാണ് 28 കാരനായ അക്ബര്‍ ഖാനെ പശു കടത്താരോപിച്ച് ആള്‍ക്കൂട്ടം രാജസ്ഥാനില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഹരിയാന സ്വദേശിയായ അക്ബര്‍ ഖാന്‍ തന്റെ താമസ സ്ഥലമായ കൊല്‍ഗാന്‍വില്‍ നിന്ന് രണ്ട് പശുക്കളെ രാംഗറിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഗോരക്ഷകരുടെ ആക്രമണത്തിനിരയായത്.

Top