ആറ് ലക്ഷം മുതല്‍ 11ലക്ഷം വരെ ടിക്കറ്റ് നിരക്ക്; ലക്ഷ്വറി ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു

മുംബൈ: ആറ് ലക്ഷം മുതല്‍ 11 ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്കുള്ള ഒരു ട്രെയിന്‍ സര്‍വീസ് കഴിഞ്ഞ ദിവസം സര്‍വീസ് പുനരാരംഭിച്ചു. കൊവിഡ് കാലത്ത് സര്‍വീസ് നിര്‍ത്തിയ ഡെക്കാന്‍ ഒഡീസിയെന്ന അത്യാഢംബര ട്രെയിന്‍ സര്‍വീസാണ് മുംബൈയില്‍ നിന്ന് വീണ്ടും യാത്ര തുടങ്ങിയത്. മഹാരാഷ്ട്രാ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലുള്ളതാണ് ഈ ട്രെയിന്‍.

പഞ്ചനക്ഷത്ര ഹോട്ടലിന്റെ രീതിയിലാണ് ഈ ട്രെയിനകത്തെ സൗകര്യങ്ങള്‍. 2 കിടക്കകളുള്ള ഡീലക്‌സ് മുറി, ഓരോ മുറികളിലും അറ്റാച്ച്ഡ് ബാത്ത്‌റൂമുകള്‍, നാല് സൂട്ട് റൂമുകള്‍, ഈ മുറികളില്‍ വിശ്രമിക്കാനുള്ള സൗകര്യം, വിശാലമായ ബെഡ്‌റൂം, ബാത്ത്‌റൂം റെസ്റ്റോറന്റ്, മിനി ബാര്‍ മുതലായ സൗകര്യങ്ങള്‍ ട്രെയിനകത്തുണ്ട്. സാധാരണ ട്രെയിനുകളിലുള്ള പോലെയുള്ള അപായ ചങ്ങലകളും സിസിടിവി ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളുമുണ്ട്. കോണ്‍ഫറന്‍സ് മുറിയാണ് ട്രെയിനകത്തെ മറ്റു സൗകര്യം. ഇവിടെ വായിക്കാനുള്ള പുസ്തകങ്ങള്‍, കാരംബോഡ്, ടിവി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

2004 മുതലാണ് ഡെക്കാന്‍ ഒഡീസി ട്രെയിന്‍ ഓടിത്തുടങ്ങിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തലാക്കിയ ഈ ട്രെയിന്‍ വീണ്ടും സര്‍വ്വീസ് പുനരാരംഭിക്കുമ്പോള്‍ യാത്രക്കാരുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

Top