ആര്‍തര്‍ റോഡ് ജയിലില്‍ വിജയ് മല്യയ്ക്കായി ആഢംബര സൗകര്യങ്ങള്‍

ന്യൂഡല്‍ഹി: മദ്യ വ്യവസായി വിജയ് മല്യയെ പാര്‍പ്പിക്കാന്‍ ഉദേശിക്കുന്ന ആര്‍തര്‍ റോഡ് ജയിലിലെ ബാരക്ക് നമ്പര്‍ 12ല്‍ ആഢംബര സൗകര്യങ്ങള്‍. ടെലിവിഷന്‍, സ്വകാര്യ ശുചിമുറി, കിടക്ക, വസ്ത്രങ്ങള്‍ കഴുകാനുള്ള സ്ഥലം, മുറ്റം എന്നിവയടങ്ങുന്നതാണ് സൗകര്യങ്ങള്‍.

ഇന്ത്യയിലെത്തിച്ചാല്‍ തന്നെ പീഡിപ്പിക്കുമെന്നുള്ള മല്യയുടെ വാദത്തെ തുടര്‍ന്നു ആര്‍തര്‍ റോഡ് ജയിലിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ മാസം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടനിലെ മജിസ്‌ട്രേട്ട് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലാണ് ഇവ വിശദീകരിച്ചിരിക്കുന്നത്.

ഇതുകൂടാതെ ജയിലിലെ മെഡിക്കല്‍ സൗകര്യങ്ങള്‍, സുരക്ഷ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും സിബിഐ കോടതിയെ ധരിപ്പിച്ചു. കൊടുംകുറ്റവാളികളെയോ, അതീവ സുരക്ഷാപ്രാധാന്യമുള്ള കുറ്റാരോപിതരെയുമാണ് 12ാം നമ്പര്‍ ബാരക്കില്‍ പാര്‍പ്പിക്കുക. രണ്ടുനിലകളിലായി എട്ടു സെല്ലുകളാണിവിടെ. സിസിടിവി ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരുമായി അതീവ ജാഗ്രതയുണ്ടാകും. അടുത്തിടെ ആഭ്യന്തര വകുപ്പ് ജയിലില്‍ സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചുണ്ട്.

മല്യയ്ക്ക് പ്രത്യേകമായി ലൈബ്രറി സൗകര്യം ഒരുക്കുമെന്നും സിബിഐ വ്യക്തമാക്കി. മല്യയെ വിട്ടുകിട്ടാനുള്ള കേസില്‍ ഡിസംബര്‍ മുതല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി വാദം കേള്‍ക്കുകയാണ്. 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പു കേസില്‍ പ്രതിയായ മല്യയെ കഴിഞ്ഞ ഏപ്രിലില്‍ ലണ്ടനില്‍ അറസ്റ്റ് ചെയ്തിരുന്നു. അന്നു മുതല്‍ മല്യ ജാമ്യത്തിലാണ്. മജിസ്‌ട്രേറ്റ്‌ കോടതി വിധി അനുകൂലമായാലും മല്യയെ ഇന്ത്യയിലെത്തിക്കുക എളുപ്പമാകില്ല. മേല്‍ക്കോടതിയില്‍ അപ്പീലിനുള്ള അവസരമുണ്ട്. മാത്രമല്ല, നാടുകടത്തല്‍ ഉത്തരവ് വരാന്‍ രണ്ടു മാസമെങ്കിലും സമയം എടുക്കും.

Top