‘ലൂണ 25’ന്റെ പരാജയം; റഷ്യയുടെ ശക്തിക്ഷയത്തിന്റെ‌ സൂചന

ലൂണ 25 പരാജയം ഒരു കാലത്തു ബഹിരാകാശരംഗത്തെ പ്രമാണിമാരായിരുന്ന റഷ്യയുടെ ശക്തിക്ഷയത്തിന്റെ‌ സൂചന കൂടിയാണ്. 1957ൽ ആദ്യമായി ഭൂമിയെ വലംവയ്ക്കാൻ ഉപഗ്രഹത്തെ വിട്ടതു സോവിയറ്റ് യൂണിയനാണ്. 1961ൽ യൂറി ഗഗാറിനിലൂടെ ആദ്യ സഞ്ചാരിയെയും 1963ൽ വാലന്റീന തെരഷ്കോവയിലൂടെ ആദ്യ വനിതാസഞ്ചാരിയെയും ബഹിരാകാശത്തെത്തിക്കാൻ റഷ്യയ്ക്കു കഴിഞ്ഞു. ആദ്യത്തെ ബഹിരാകാശ നടത്തം, ആദ്യ സ്പേസ് സ്റ്റേഷൻ (സല്യൂട്ട്–1971) എന്നിവയൊക്കെ റഷ്യൻ നേട്ടങ്ങളാണ്.

എന്നാൽ കഴിഞ്ഞ കുറെക്കാലമായി ബഹിരാകാശരംഗത്ത് റഷ്യയ്ക്ക് കഷ്ടകാലമാണ്. 2011ൽ ചൊവ്വയുടെ ഫോബോസ് ഉപഗ്രഹത്തിലേക്കു റഷ്യ അയച്ച ഫോബോസ്-ഗ്രണ്ട് ദൗത്യം പരാജയപ്പെട്ടു. ഭൗമാന്തരീക്ഷം പോലും കടക്കാനാകാതെ പേടകം പസിഫിക് സമുദ്രത്തിൽ തകർന്നുവീണു. നിലവാരമില്ലാത്ത വസ്തുക്കളുപയോഗിച്ചുള്ള നിർമാണരീതിയായിരുന്നു പരാജയകാരണം. അതിനും മുൻപ് മാർസ് 96 ചൊവ്വാദൗത്യവും ഭൂമിയുടെ ഭ്രമണപഥം വിടുന്നതിനു മുൻപ് തകർന്നു. നാസയുമായും മറ്റും തട്ടിച്ചുനോക്കുമ്പോൾ ബൃഹത്തായ ബഹിരാകാശപദ്ധതികളൊന്നും റഷ്യ കഴിഞ്ഞ പതിറ്റാണ്ടുകളിൽ നടത്തിയിട്ടില്ല.

യുഎസ്, ഇന്ത്യ, ചൈന തുടങ്ങിയ ഇപ്പോഴത്തെ ശക്തികൾക്കെതിരെ തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ കൂടിയുദ്ദേശിച്ചാണ് റഷ്യ ലൂണ 25 ദൗത്യമയച്ചത്.

1976ൽ ലിയോനിഡ് ബ്രഷ്‌നേവ് ഭരിച്ച കാലയളവിൽ ചന്ദ്രനിലേക്കു വിട്ട ലൂണ 24 ആണ് ചന്ദ്രനിലേക്കു പോയ അവസാന റഷ്യൻപേടകം. 1959ൽ വിക്ഷേപിച്ച ലൂണ 2 ദൗത്യമാണ് ആദ്യം ചന്ദ്രോപരിതലത്തിലെത്തിയ മനുഷ്യനിർമിത വസ്തു.1966ൽ ഇറങ്ങിയ ലൂണ 9 ആണ് ആദ്യമായി ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് സാധ്യമാക്കിയത്. ചന്ദ്രനിലിറക്കം എത്ര ദുഷ്‌കരമാണെന്ന് അടയാളപ്പെടുത്തുന്നതായി ലൂണ 25ന്റെ ദൗർഭാഗ്യം.

1976നു ശേഷം ഒരേയൊരു രാജ്യം മാത്രമാണ് ചന്ദ്രനിൽ ലാൻഡർ ഇറക്കിയത്, ചൈന. 2013ൽ ചൈന ചാങ് ഇ 3 എന്ന ലാൻഡർ ചന്ദ്രനിലിറക്കി. 2019ൽ ചാങ് ഇ ലാൻഡർ ആദ്യമായി ചന്ദ്രന്റെ വിദൂരവശത്ത് ഇറങ്ങി. 2020ൽ ചാങ് ഇ 5 എന്ന ലാൻഡറിന്റെ സോഫ്റ്റ്ലാൻഡിങ്ങും ചൈന സാധ്യമാക്കി. ചന്ദ്രയാൻ 2 (2019), ഇസ്രയേലിന്റെ ബെറഷീറ്റ്(2019), യുഎഇയുടെ റാഷിദ് റോവർ(2022) തുടങ്ങിയവ ചന്ദ്രനിലിറങ്ങാൻ ശ്രമിച്ചു പരാജയപ്പെട്ട ദൗത്യങ്ങളാണ്.

‘ലൂണ 25’ ദൗത്യത്തിലൂടെ വൻ മാധ്യമശ്രദ്ധ ചന്ദ്രയാൻ 3 ദൗത്യത്തിനു വന്നിട്ടുണ്ട്. റഷ്യ പരാജയപ്പെട്ടിടത്ത് ഇന്ത്യ വിജയിച്ചാൽ വലിയ ഖ്യാതിയാകും ഐഎസ്ആർഒയ്ക്കു നേടിത്തരിക. മറ്റൊരു ദൗത്യത്തിനും കഴിയാതിരുന്ന മൈലേജ് നേടിക്കൊടുക്കാൻ ഈ വിജയത്തിനു കഴിയുമെന്നും വിലയിരുത്തപ്പെടുന്നു.

Top