യുപിയില്‍ വന്‍ ഹിറ്റായി ലുലു മാള്‍; ഒരാഴ്ചയ്ക്കുള്ളിൽ എത്തിയത് ഏഴ് ലക്ഷം ആളുകൾ

യുപിയില്‍ വന്‍ ഹിറ്റായി ലുലു മാള്‍. ഒരാഴ്ചയ്ക്കുള്ളിൽ ലഖ്‌നൗക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഷോപ്പിംഗ് കേന്ദ്രമായി മാറിക്കഴിഞ്ഞു. ആദ്യ ആഴ്ചയിൽ ഏഴ് ലക്ഷത്തിലധികം സന്ദർശകരാണ് എത്തിയത്. വാരാന്ത്യത്തിൽ മാത്രം 2.5 ലക്ഷം പേർ മാൾ സന്ദർശിച്ചു. ലുലു ഹൈപ്പർമാർക്കറ്റിലും വിനോദ കേന്ദ്രമായ ഫൺടൂറയിലുമാണ് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്

മാളിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ലഖ്‌നൗ നിവാസികൾക്ക് ലുലു മാള്‍ അധികൃതര്‍ നന്ദി അറിയിച്ചു. ലുലു മാൾ നൽകുന്ന സമാനതകളില്ലാത്ത ആഗോള അനുഭവത്തിന്റെ സാക്ഷ്യമാണ് ലഭിച്ച സന്ദർശകരുടെ ഒഴുക്ക്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഷോപ്പിംഗിനും വിനോദത്തിനും നഗരവാസികളുടെ പ്രിയപ്പെട്ട ഇടമായി ലുലു മാൾ മാറിയെന്ന് മാൾ ജനറൽ മാനേജർ സമീർ വർമ പറഞ്ഞു. തിരക്ക് കാരണം മിക്കവർക്കും മാളിൽ പ്രവേശിക്കാനാകാതെ തിരിച്ചു പോകേണ്ടതായും വന്നു. ദൂരപ്രദേശങ്ങളായ കാൺപൂർ, ഗോരഖ്പൂർ, പ്രയാഗ് രാജ്, വാരണാസി, ഡൽഹി എന്നിവിടങ്ങളിൽ നിന്നടക്കം ആളുകൾ മാളിലെത്തിയതായി ലുലു മാൾ ജനറൽ മാനേജർ സമീർ വർമ്മ പറഞ്ഞു

ലഖ്നൗ അമർ ഷഹീദ് പാത്, ഗോൾഫ് സിറ്റിയിൽ 22 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന ലുലു മാളിൽ ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്, യൂണിക്ലോ, ഡെക്കാത്‌ലോൺ, സ്റ്റാർബക്സ്, നൈക്ക ലക്സ് , കല്യാൺ ജ്വല്ലേഴ്സ്, കോസ്റ്റ കോഫി, ചില്ലീസ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും വലിയ നിരവധി ബ്രാൻഡുകളുണ്ട്.

കൂടാതെ 1600 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള 25 ബ്രാൻഡ് ഔട്ട്‌ലെറ്റുകളുള്ള ഒരു വലിയ ഫുഡ് കോർട്ടും മാളിനെ കൂടുതൽ ജനപ്രിയമാക്കുന്നു. ആഭരണങ്ങൾ, ഫാഷൻ, പ്രീമിയം വാച്ച് ബ്രാൻഡുകൾ എന്നിവയുടെ വിപുലമായ സെലക്ഷനുകളുള്ള ഒരു പ്രത്യേക വിവാഹ ഷോപ്പിംഗ് ഏരിയയും ലഖ്‌നൗ ലുലു മാളിനെ വേറിട്ടതാക്കുന്നു. 3,000-ലധികം വാഹനങ്ങൾക്കായി പ്രത്യേക മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യവും മാളിൽ സജ്ജീകരിച്ചിട്ടുണ്ട്.

Top