ഉത്തര്‍പ്രദേശില്‍ 4 ഷോപിങ്ങ് മാളുകള്‍; പുതിയ പദ്ധതിയുമായി ലുലു ഗ്രൂപ്പ്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വന്‍തോതില്‍ നിക്ഷേപത്തിനൊരുങ്ങി മലയാളി വ്യവസായിയും ലുലു ഗ്രൂപ് മേധാവിയുമായ എം.എ.യൂസഫലി. നാല് ഷോപ്പിങ്ങ് മാളുകള്‍ സ്ഥാപിക്കാനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നത്.

ലഖ്‌നൗവില്‍ പുതിയ മാളിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളായ ഇതിന്റെ 70 ശതമാനത്തോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെന്നും അടുത്ത വര്‍ഷം ഇത് പ്രവര്‍ത്തനം ആരംഭിക്കുമെന്നും എം.എ.യൂസഫലി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നടന്ന നിക്ഷേപ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍മ്മാണത്തിലിരിക്കുന്ന ലഖ്നൗവിലെ മാള്‍, നേരത്തേ പ്രഖ്യാപിച്ച വാരാണസി, നോയിഡ മാളുകള്‍ എന്നിവയ്ക്കുപുറമെ ഡല്‍ഹിക്ക് സമീപം സാഹിബാബാദില്‍ പുതിയ ഷോപ്പിങ് മാള്‍ പണിയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഓരോ മാളിനും ഏതാണ്ട് 2000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഓരോന്നും 5000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും, അതിലേറെ പരോക്ഷ തൊഴിലവസരം ഉണ്ടാകുമെന്നും യൂസഫലി പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമീപനം നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top