മൂന്നുവർഷത്തിനുള്ളിൽ 12 മാളുകൾ സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ്; പ്രയാഗ് രാജും വാരാണസിയും പട്ടികയിൽ

മുംബൈ: മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ പന്ത്രണ്ട് മാളുകൾ സ്ഥാപിക്കാൻ യുഎഇ ആസ്ഥാനമായ ലുലു ഗ്രൂപ്പ്. ഗുരുഗ്രാം, നോയ്ഡ, പ്രയാഗ് രാജ്, വാരാണസി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൻ വികസനപദ്ധതികളാണ് ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.

‘അടുത്ത മൂന്നു വർഷത്തിനുള്ളിൽ 12 മാളുകൾ സ്ഥാപിക്കാനാണ് ഞങ്ങൾ ആലോചിക്കുന്നത്. കേരളത്തിൽ കോഴിക്കോട്, തിരൂർ, പെരിന്തൽമണ്ണ, കോട്ടയം, പാലക്കാട്, നോയ്ഡ, വാരാണസി, പ്രയാഗ് രാജ്, അഹ്‌മദാബാദ്, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാകും മാളുകൾ’ – ലുലു ഗ്രൂപ്പ് ഇന്ത്യയുടെ ഷോപ്പിങ് മാൾ ഡയറക്ടർ ഷിബു ഫിലിപ്‌സ് ധനകാര്യ മാധ്യമമായ മണി കൺട്രോളിനോട് പറഞ്ഞു.

ഉത്തർപ്രദേശ് ലുലു ഗ്രൂപ്പിന്റെ പ്രധാനപ്പട്ട വിപണിയാണ് എന്നും ഷിബു ഫിലിപ്സ് പറഞ്ഞു. ‘പ്രയാഗ് രാജിലും വാരാണസിയിലും ഭൂമിയേറ്റെടുക്കൻ നടപടി നടന്നു കൊണ്ടിരിക്കുകയാണ്. അതിനു ശേഷം കാൺപൂരിലാണ്. ഹൈപ്പർമാർക്കറ്റാണോ ഷോപ്പിങ് മാളാണോ ഇവിടങ്ങളിൽ സ്ഥാപിക്കുക എന്നതിൽ കമ്പനി ബോർഡ് ചേർന്നു തീരുമാനിക്കും. വിപണിയുടെ അവസരവും സാധ്യതയും പരിശോധിച്ചാകും തീരുമാനം.’ – അദ്ദേഹം കൂട്ടിച്ചേർത്തു. ഈയിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ലഖ്‌നൗ ലുലു മാളിൽ തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായത് വാർത്തയായിരുന്നു.

Top