മലയാളി തന്നെ താരം; ബ്രിട്ടീഷ് പോലീസ് ആസ്ഥാനം ഹോട്ടലാക്കി ‘ലുലു ഗ്രൂപ്പ്’!

ബ്രിട്ടീഷുകാര്‍ ലോകം അടക്കിഭരിച്ചിരുന്ന ഒരു കാലമുണ്ട്. ഇന്ത്യക്കാര്‍ ഇന്നും ആ സാമ്രാജ്യത്വ ശക്തിയുടെ അടിമത്ത ചിന്തകളില്‍ നിന്നും പൂര്‍ണ്ണമായി മുക്തമാകാതെ നില്‍ക്കുന്നു. ബ്രിട്ടീഷുകാര്‍ വിതച്ചിട്ട് പോയ വേര്‍തിരിവിന്റെയും, ഇംഗ്ലീഷ് ഭാഷയാണ് വലുതെന്നും, തൊലി കറുത്ത് പോയവര്‍ വെള്ളക്കാരേക്കാള്‍ ചെറുതായി പോകുമെന്ന ചിന്തയുടെയും നിഴലില്‍ നിന്നും പുറത്തുചാടാന്‍ ഇപ്പോഴും നമുക്ക് സാധിച്ചിട്ടില്ല. അങ്ങിനെ ഉള്ളപ്പോള്‍ ഒരു മലയാളി ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് പോലീസ് ആസ്ഥാനം വിലയ്ക്കെടുത്ത് ഹോട്ടലാക്കി മാറ്റിയെന്ന് കേട്ടാലോ, കൊള്ളാം അല്ലേ!

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ ട്വന്റി14 ഹോള്‍ഡിംഗ്സാണ് യുകെയില്‍ 1500 കോടിയോളം രൂപ ചെലവിട്ട് പോലീസ് ആസ്ഥാനം ഹോട്ടലാക്കി മാറ്റിയത്. ലണ്ടനിലെ ഗ്രേറ്റ് സ്‌കോട്ട്ലണ്ട് യാര്‍ഡ് എന്നു പേരിട്ട ഹോട്ടല്‍ ഉദ്ഘാടനം ബ്രിട്ടീഷ് ഗവണ്‍മെന്റിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് നടത്തിയത്.

ബ്രിട്ടീഷ് മെട്രോപൊളിറ്റന്‍ പോലീസിന്റെ പഴയ ആസ്ഥാന മന്ദിരം 2015-ലാണ് ലുലു ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. 1025 കോടി രൂപയ്ക്ക് വാങ്ങിയ കെട്ടിടം 512 കോടി രൂപ കൂടി ചെലവഴിച്ചാണ് ഒരു ആഡംബര ഹോട്ടലാക്കി മാറ്റിയെത്തിരിക്കുന്നത്. ലണ്ടനിലെ ആര്‍ക്കിടെക്ചര്‍ രീതിക്ക് അനുയോജ്യമായ ഡിസൈനാണ് ഹോട്ടലിന് ലുലു ഗ്രൂപ്പ് നല്‍കിയത്.

15, 16 നൂറ്റാണ്ടുകളില്‍ സ്‌കോട്ട്ലണ്ടിലെ രാജാക്കന്‍മാരുടെ സന്ദര്‍ശനത്തില്‍ താമസിക്കാന്‍ ഉപയോഗിച്ചിരുന്ന ഗ്രേറ്റ് സ്‌കോട്ട്ലണ്ട് യാര്‍ഡ് കെട്ടിടം പിന്നീട് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് സര്‍വ്വീസ് ആസ്ഥാനമായി മാറി. ബ്രിട്ടീഷ് തലസ്ഥാനത്ത് ചരിത്ര പ്രാധാന്യമുള്ള ഒരു കെട്ടിടം ഇന്ത്യക്കാരന്‍ ഹോട്ടലാക്കി മാറ്റിയെന്നത് അഭിമാനകരമായ കാര്യം കൂടിയാണ്.

ഏഴ് നിലകളില്‍, 152 മുറികളും, 15 സ്യൂട്ടുകളും, ഇരുനിലകളില്‍ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടും, നാല് റെസ്റ്റൊറന്റുകളുമുമുള്ള ഇവിടെ ഒരു രാത്രി തങ്ങാന്‍ ചുരുങ്ങിയത് നാല്‍പ്പതിനായിരം രൂപയെങ്കിലും വേണ്ടിവരും. ഹയാത്ത് ഗ്രൂപ്പാണ് ഹോട്ടല്‍ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്ന ഖ്യാതിയുണ്ടായിരുന്ന ബ്രിട്ടന്റെ ഹൃദയത്തിലെ സുപ്രധാനമായ കെട്ടിടം ഇന്ത്യക്കാരന്റെ ഹോട്ടലായി മാറുമ്പോള്‍ കാലം മാറുകയാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് രേഖപ്പെടുത്തുന്നത്.

Top