ശ്രീനഗറിൽ ഭക്ഷ്യസംസ്കരണ ശാല ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്

കൊച്ചി: ജമ്മു കശ്മീരിൽ നിന്ന് കാർഷികോത്പന്നങ്ങൾ സംഭരിക്കാൻ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പ്. ഇതിനായി ശ്രീനഗറിൽ ഭക്ഷ്യസംസ്കരണ ശാല ആരംഭിക്കാനൊരുങ്ങുകയാണ് ലുലു ഗ്രൂപ്പ്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.), ഇൻവെസ്റ്റ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ദുബായിയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ‘യു.എ.ഇ. ഇന്ത്യ ഫുഡ് സെക്യൂരിറ്റി സമ്മിറ്റി’ന്റെ ഭാഗമായി ജമ്മുകശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി (കാർഷികോത്പാദനം) നവീൻ കുമാർ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചർച്ചയിലൂടെയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഇക്കാര്യം അറിയിച്ചത്.

നിലവിൽ കശ്മീരിൽ നിന്ന് ആപ്പിളും കുങ്കുമവും ലുലു കയറ്റുമതി ചെയ്യുന്നുണ്ട്. ഈ വർഷം ഇതുവരെ 400 ടൺ ആപ്പിളാണ് കശ്മീരിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ലുലു കയറ്റുമതി ചെയ്തത്. പുതിയ ഭക്ഷ്യസംസ്കരണ കേന്ദ്രം തുറക്കുന്നതോടെ വരും വർഷങ്ങളിൽ ഗൾഫ് മേഖലയിലേക്ക് വൻതോതിൽ കയറ്റുമതി വർധിപ്പിക്കാനാണ് തീരുമാനം. സംസ്കരണ കേന്ദ്രം സ്ഥാപിക്കാനായി ആദ്യഘട്ടത്തിൽ 60 കോടി രൂപയാണ് ലുലു ഗ്രൂപ്പ് മുതൽമുടക്കുന്നത്. ഏതാണ്ട് മുന്നൂറോളം പേർക്ക് പ്രത്യക്ഷമായി തൊഴിലവസരവും ഒരുക്കും.

Top