റൊണാള്‍ഡോയ്ക്ക് പിന്നാലെ ലൂക്കാ മോഡ്രിച്ചും റയല്‍ വിടാന്‍ ഒരുങ്ങുന്നുവോ ?

modric

മാഡ്രിഡ് : ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലൂക്കാ മോഡ്രിച്ചും റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മോഡ്രിച്ച് തനിക്ക് ക്ലബ് വിടാനുള്ള ആഗ്രഹം മാനേജ്‌മെന്റിനെ അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ക്രൊയേഷ്യന്‍ താരമാണ് ലൂക്കാ മോഡ്രിച്ച്. റയലില്‍ നിന്നും മാറി ഇന്റര്‍ മിലാനില്‍ ചേരാനുമുള്ള താത്പര്യം ആണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ പരീക്ഷണങ്ങള്‍ക്ക് വേണ്ടിയാണ് ക്ലബ് മാറാന്‍ താന്‍ ആഗ്രഹിക്കുന്നതെന്നാണ് മോഡ്രിച്ച് റയല്‍ പ്രസിഡന്റ് ഫ്‌ലോറന്റിനോ പെരസിനോട് പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പക്ഷേ, മോഡ്രിച്ചിനെ വിട്ടുകൊടുക്കാന്‍ റയലിന് ഒട്ടും താത്പര്യമില്ല. ക്ലബ്ബിനും പരിശീലകന്‍ ജൂലന്‍ ലെപ്റ്റഗ്യൂയിക്കും മോഡ്രിച്ചിനെ ടീം വിടുന്നത് അനുവദിക്കാന്‍ ഇഷ്ടമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലൂക്കാ മോഡ്രിച്ചിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ റിലീസ് തുകയായി 750 മില്യണ്‍ യൂറോയെങ്കിലും നല്‍കണമെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ലോറന്റീനോ പെരസ് നേരത്തെ പറഞ്ഞിരുന്നു. റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച താരം ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. നിലവില്‍ 2020വരെ താരത്തിന് സ്പാനിഷ് ക്ലബുമായി കരാറുണ്ട്.

മോഡ്രിച്ചിനെ വിട്ടു കിട്ടിയില്ലെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ജര്‍മന്‍ താരം ഇല്‍കെയ് ഗുണ്ടോഗാനെ എത്തിക്കാനാണ് ഇന്ററിന്റെ ശ്രമം.

Top