കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ യോഗി സര്‍ക്കാരിന്റെ വക ബസ് സര്‍വ്വീസുകള്‍

ലഖ്‌നൗ: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിനാല്‍ രാജ്യത്ത് സമ്പൂര്‍ണ ജാഗ്രത നിര്‍ദേശമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഗ്രാമങ്ങളില്‍ തിരിച്ചെത്തിക്കാന്‍ ബസ് സര്‍വ്വീസുകള്‍ നടത്താനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

നോയിഡ, ഗാസിയാബാദ്, ബുലന്ദ്ശഹര്‍, അലിഗഡ് എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ 1,000 ബസ് സര്‍വ്വീസുകളാണ് നടത്തുന്നത്. ഇന്നലെ രാത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കുടിയേറ്റ തൊഴിലാളികള്‍ക്കായി ബസ് സര്‍വ്വീസ് ആരംഭിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല സംസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ കുടുങ്ങിയ കുടുംബങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും അവശ്യവസ്തുക്കളും നല്‍കാനും യോഗി നിര്‍ദേശിച്ചു.

കാണ്‍പൂര്‍, ബല്ലിയ, വാരണസി, ഗോരഖ്പൂര്‍, അസാംഗഡ്, ഫൈസാബാദ്, ബസ്തി, പ്രതാപ്ഗഡ്, സുല്‍ത്താന്‍പൂര്‍, അമേത്തി, റായ് ബറേലി, ഗോണ്ട, ഇറ്റാവ, ബഹ്‌റൈച്ച്, ശ്രാവസ്തി എന്നിവിടങ്ങളിലേക്കാണ് ബസുകള്‍ പുറപ്പെട്ടിരിക്കുന്നത്.

ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ നിന്ന് നൂറുകണക്കിന് തൊഴിലാളികളാണ് കാല്‍നടയായി സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങികൊണ്ടിരിക്കുന്നത്.

Top