ട്രെയിനിനുള്ളില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്‌

ലക്‌നൗ: ട്രെയിനിനുള്ളില്‍ മധ്യവയസ്‌കന്‍ തൂങ്ങി മരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയില്‍ ഝാന്‍സി-കാണ്‍പൂര്‍ പാസഞ്ചര്‍ ട്രെയിനിനുള്ളിലെ ആളൊഴിഞ്ഞ കംപാര്‍ട്ട്‌മെന്റിലാണ് മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്ന യാത്രക്കാരനാണ് സീലിങ് ഫാനില്‍ ഒരാള്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടത്. തുടര്‍ന്ന് റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

മധ്യപ്രദേശിലെ ബേട്ടൂല്‍ ജില്ലയില്‍ നിന്നുള്ള ജെയ്‌സിംഗ് എന്നയാളാണിതെന്ന്, ഇയാളുടെ പോക്കറ്റില്‍ നിന്ന് ലഭിച്ച ടിക്കറ്റില്‍ നിന്നും വ്യക്തമായതായി പൊലീസ് അറിയിച്ചു.

റെയില്‍വേ പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. മരണ കാരണം വ്യക്തമല്ലാത്ത സാഹചര്യത്തില്‍ സംഭവത്തെ പറ്റി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Top