മുത്തശ്ശിയുടെ അവസാന ആഗ്രഹം; ശൈശവ വിവാഹം നടത്തി ബന്ധുക്കള്‍, കേസെടുത്ത് പൊലീസ്‌

ലഖ്‌നൗ: അസുഖ ബാധിതയായ മുത്തശ്ശിയുടെ അവസാന ആഗ്രഹം കുടംബാംഗങ്ങള്‍ സാധിച്ച് കൊടുത്തത് ശൈശവ വിവാഹം നടത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം.

ഇനായത്ത്പുര്‍ ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം 12 വയസ്സുകാരിയും 10 വയസ്സുകാരനും തമ്മിലുള്ള ശൈശവവിവാഹം നടന്നത്. സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി ചടങ്ങുകള്‍ നിര്‍ത്തിവെപ്പിക്കുകയായിരുന്നു.

എന്നാല്‍ പൊലീസ് ഇടപെട്ടതോടെ അസുഖബാധിതയായ പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ അവസാന ആഗ്രഹമെന്ന നിലയിലാണ് വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചതെന്ന് ബന്ധുക്കള്‍ വിശദീകരണവുമായെത്തി. ചടങ്ങുകളുടെ ഒരുഘട്ടം മാത്രമേ നടത്തിയിട്ടുള്ളൂവെന്നും ബാക്കി ചടങ്ങുകള്‍ ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതിന് ശേഷം മാത്രമേ നടത്തൂവെന്നും ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ . രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം തുടരുകയാണെന്നും ഫരീദ്പുര്‍ എ.എസ്.പി. അഭിമന്യൂ മാംഗ്ലിക് പറഞ്ഞു. ശൈശവ വിവാഹം വാര്‍ത്തയായതോടെ ചൈല്‍ഡ് ലൈനും സംഭവത്തില്‍ ഇടപെട്ടു.

Top