പൗരത്വ ഭേദഗതി; പൊലീസ് വെടിവെയ്പ്പില്‍ മരിച്ചവരില്‍ സിവില്‍ സര്‍വ്വീസ് മോഹം ബാക്കി വെച്ച സുലേമാനും

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോള്‍ യു.പിയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് ഇരുപതോളം പേരാണ്‌.അക്കൂട്ടത്തില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവും ഉണ്ടായിരുന്നു. സുലേമാന്‍ എന്ന ഇരുപതുകാരനാണ് ഉത്തര്‍പ്രോദേശിലെ ബിജ്നോറില്‍ പൊലീസ് വെടിയേറ്റ് അകാലത്തില്‍ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി മടങ്ങിയത്.

സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ടൈം ടേബിള്‍ തയ്യാറാക്കിയായിരുന്നു സുലേമാന്റെ പഠനം. ഒരു ദിവസം രണ്ട് നേരം അയാള്‍ പള്ളിയില്‍ നമസ്‌ക്കരിക്കാന്‍ പോകുമായിരുന്നു. വെള്ളിയാഴ്ച ഒന്നരയ്ക്ക് പള്ളിയില്‍ പോയ സുലേമാന്‍ വീട്ടില്‍ തിരിച്ചെത്തിയില്ല.

പൗരത്വ നിയമത്തിനെതിരെ ബിജ്‌നൂരില്‍ നടന്ന പ്രക്ഷോപത്തിനിടെ പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച പ്രതിഷേധക്കാര്‍ പൊലീസിന് നേര്‍ക്ക് വെടിയുതിര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ സ്വയരക്ഷയ്ക്കായാണ് പൊലീസ് കോണ്‍സ്റ്റബിള്‍ സുലേമാന്റെ നേര്‍ക്ക് വെടിയുതിര്‍ത്തതെന്ന് പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ വെടിവെപ്പിനിടെ സുലേമാന്‍ കൊല്ലപ്പെടുകയായിരുന്നെന്ന് ബിജ്‌നോര്‍ പൊലീസ് സൂപ്രണ്ട് സഞ്ജീവ് ത്യാഗി പറഞ്ഞു.

എന്നാല്‍ പോലീസിന്റെ വാദം തള്ളി സുലേമാന്റെ കുടുംബം രംഗത്തെത്തി. സുലേമാന് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നുവെന്നും പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.

പള്ളിയില്‍ നമസ്‌ക്കരിക്കാന്‍ പോയ സുലേമാന്‍ ബിജ്‌നൂരില്‍ വെച്ച് പോലീസ് പ്രക്ഷോഭകാരികള്‍ക്കെതിരേ നടത്തിയ അക്രമം കണ്ടുകൊണ്ടു നില്‍ക്കുകയായിരുന്നെന്നും ഇതിനിടെ പൊലീസ് സുലേമാന് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നും കുടുംബം ആരോപിച്ചു.

Top