ഡല്‍ഹിയ്ക്ക് പിന്നാലെ ലഖ്‌നൗവ് നദ്‌വ കോളേജിലും പൊലീസ്-വിദ്യാര്‍ത്ഥി സംഘര്‍ഷം

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരേയുണ്ടായ പോലീസ് അതിക്രമത്തിനെതിരെയും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. അതേസമയം, ജാമിയ മിലിയ, അലിഗഡ് സര്‍വ്വകലാശാലകള്‍ക്കു പിന്നാലെ ലഖ്‌നൗവിലെ നദ്‌വത്തുല്‍ ഉലമാ അറബിക് കോളേജിനു മുമ്പിലും പൊലീസ്-വിദ്യാര്‍ത്ഥി സംഘര്‍ഷം ഉണ്ടായി.

കോളേജിനുള്ളില്‍നിന്ന് പോലീസിന് നേരേ വിദ്യാര്‍ഥികള്‍ കല്ലെറിഞ്ഞു. കോളേജ് ക്യാമ്പസില്‍ സംഘടിച്ച വിദ്യാര്‍ഥികള്‍ പുറത്തിറങ്ങാതിരിക്കാന്‍ പോലീസ് ഗേറ്റ് പൂട്ടിയിട്ടു. ഇതോടെയാണ് വിദ്യാര്‍ഥികള്‍ പോലീസിന് നേരേ രൂക്ഷമായ കല്ലേറ് തുടങ്ങിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യമെമ്പാടും ശക്തമായി തുടരുകയാണ്. അതിന്റെ ഭാഗമായാണ് ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നദ്‌വ കോളേജിലും വിദ്യാര്‍ത്ഥികള്‍ സംഘടിച്ചത്.

ജാമിയ അലിഗഡ് സര്‍വ്വകലാശാലകളിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. പോണ്ടിച്ചേരി സര്‍വകലാശാല, ഐഐഎസ്സി ബെംഗളൂരു, ജാദവ്പുര്‍ സര്‍വകലാശാല തുടങ്ങിയ ക്യാമ്പസുകളിലും തിങ്കളാഴ്ച ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

Top